ചരണ്‍ജിത് സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത് വഞ്ചന, സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി; ഉടന്‍ രാജിവയ്ക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

Update: 2021-09-20 14:45 GMT

ന്യൂഡല്‍ഹി: പുതുതായി ചുമതലയേറ്റ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങിനെതിരേ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ രംഗത്ത്. 'മീ ടു' ആരോപണം നേരിട്ട ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത് വഞ്ചനയാണെന്നും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും രേഖാ ശര്‍മ ആരോപിച്ചു. മീ ടൂ ആരോപണവിധേയനായ ഒരാളാണ് മുഖ്യമന്ത്രിയായതെന്ന് ഓര്‍ക്കണം. അതും ഒരു വനിത നേതൃത്വം നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയിലൂടെ. ഇത് ലജ്ജാകരവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്.

ചന്നിയെ പുറത്താക്കാനുളള നടപടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സ്വീകരിക്കണമെന്നും രേഖാ ശര്‍മ ആവശ്യപ്പെട്ടു. 2018 ലാണ് മീടു ആരോപണം ചന്നിക്കെതിരേ ഉയര്‍ന്നുവന്നത്. ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് മോശം സന്ദേശം അയച്ചെന്ന ആരോപണമാണ് ഉയര്‍ന്നത്. ആരോപണം ഉന്നയിച്ച സ്ത്രീ ചന്നിക്കെതിരേ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം മെയ് മാസത്തില്‍ പഞ്ചാബ് വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചതോടെ കേസ് വീണ്ടും ഉയര്‍ന്നുവന്നിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥ അനുഭവിക്കുന്ന അതേ പീഡനം മറ്റൊരു സ്ത്രീ അനുഭവിച്ചറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പഞ്ചാബിലെ സാധാരണ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് കോണ്‍ഗ്രസിന് എങ്ങനെ ഉറപ്പാക്കാനാവും? പഞ്ചാബ് വനിതാ കമ്മീഷന്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. അത്തരമൊരു വ്യക്തി മുഖ്യമന്ത്രിയായപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇതില്‍ തനിക്ക് നിരാശയുണ്ട്. ഉത്തരവാദിത്തം ഏറ്റെടുത്ത് ചന്നി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News