കെപിസിസി ജംബോ ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം; 10 പുതിയ ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍

പുതിയ പട്ടികയില്‍ 44 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നുപേര്‍ മാത്രമാണ് വനിതകള്‍. പി കെ ജയലക്ഷ്മിയെയും ദീപ്തി മേരി വര്‍ഗീസിനെയും ജനറല്‍ സെക്രട്ടറിമാരാക്കിയിട്ടുണ്ട്.

Update: 2020-09-13 13:53 GMT

ന്യൂഡല്‍ഹി: കെപിസിസി തുടര്‍ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. അധികമായി 10 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ജംബോ പട്ടികയാണ് എഐസിസി പ്രസിദ്ധീകരിച്ചത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് മുതല്‍ ജംബോ കമ്മിറ്റി വേണ്ടെന്ന മുല്ലപ്പള്ളിയുടെ ആവശ്യം തള്ളിയാണ് പട്ടിക എഐസിസി അംഗീകരിച്ചത്. അതേസമയം, കെപിസിസി നല്‍കിയ നിര്‍വാഹകസമിതി പട്ടികയില്‍നിന്ന് 28 പേരെ വെട്ടിനിരത്തി.

ജനറല്‍ സെക്രട്ടറിമാരില്‍ വനിതാ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ടുതവണ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് കെപിസിസി സമര്‍പ്പിച്ച പുതുക്കിയ പട്ടികയ്ക്കാണ് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയത്. പുതിയ പട്ടികയില്‍ 44 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നുപേര്‍ മാത്രമാണ് വനിതകള്‍. പി കെ ജയലക്ഷ്മിയെയും ദീപ്തി മേരി വര്‍ഗീസിനെയും ജനറല്‍ സെക്രട്ടറിമാരാക്കിയിട്ടുണ്ട്. വി എസ് ജോയിയും പട്ടികയിലുണ്ട്. ഉപാധ്യക്ഷന്‍മാരില്‍ ഒരാള്‍ മാത്രമാണ് വനിത. സെക്രട്ടറിമാരില്‍ ഒമ്പത് വനിതകളുണ്ട്.

പ്രസിഡന്റ് ഉള്‍പ്പെടെ നിലവിലുള്ള 50 ഭാരവാഹികള്‍ക്ക് പുറമെയാണ് പുതിയ ഭാരവാഹി പട്ടിക. സംസ്ഥാനത്ത് തദ്ദേശഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തിടുക്കത്തില്‍തന്നെ സമ്പൂര്‍ണ ഭാരവാഹി പട്ടിക പുറത്തിറക്കിയത്. സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ലീനയെ വീടാക്രമണ സംഭവത്തെത്തുടര്‍ന്ന് വിവാദത്തിലായ പശ്ചാത്തലത്തില്‍ ഒഴിവാക്കി. നിര്‍വാഹക സമിതി അംഗങ്ങളുടെ പട്ടികയില്‍ കെ വി തോമസ്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എന്നിവരുടെ പേരുമില്ല. 18 എംപിമാരില്‍ ഏഴുപേര്‍ മാത്രമാണ് പട്ടികയിലുള്ളത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്താണ്.

അതേസമയം, എല്ലാ എംപിമാരും നിര്‍വാഹകസമിതിയില്‍ എക്‌സ് ഓഫിഷ്യോ അംഗങ്ങളാണെന്നാണ് കെപിസിസിയുടെ വിശദീകരണം. മുന്‍ ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ്, ഇ മുഹമ്മദ് കുഞ്ഞി, വി എ നാരായണ്‍, മുന്‍മന്ത്രി പി കെ ജയലക്ഷമി, മുന്‍ എംഎല്‍എ ബി ബാബുപ്രസാദ്, ദിപ്തി മേരി വര്‍ഗീസ്, കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ്, സോണി സെബാസ്റ്റ്യന്‍, വിജയന്‍ തോമസ്, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. 

Tags: