ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹേമന്ത് സോറനെ കൂടാതെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഓറയോണും കോണ്‍ഗ്രസ് നേതാവും മുന്‍ ജാര്‍ഖണ്ഡ് നിയമസഭാ സ്പീക്കറുമായിരുന്ന അലംഗീര്‍ അലാംആര്‍ജെഡി നേതാവ് സത്യാനന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

Update: 2019-12-29 11:59 GMT

റാഞ്ചി: ജാര്‍ഖണ്ഡിന്റെ 11ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ മൊഹ്‌റാബാദി മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഹേമന്ത് സോറനെ കൂടാതെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഓറയോണും കോണ്‍ഗ്രസ് നേതാവും മുന്‍ ജാര്‍ഖണ്ഡ് നിയമസഭാ സ്പീക്കറുമായിരുന്ന അലംഗീര്‍ അലാംആര്‍ജെഡി നേതാവ് സത്യാനന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

12 അംഗ മന്ത്രിസഭയിലെ ബാക്കി അംഗങ്ങള്‍ പിന്നീട് അധികാരമേല്‍ക്കും. ഇത് രണ്ടാംതവണയാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജ്വസിനി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ലോക്താന്ത്രിക ജനതാദള്‍ നേതാവ് ശരത് യാദവ്, ഡിഎംകെ നേതാക്കളായ ടി ആര്‍ ബാലു, കനിമൊഴി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2009 മുതല്‍ 2013 വരെ അര്‍ജുന്‍ മുണ്ടെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്. രണ്ടാംതവണ മുഖ്യമന്ത്രിയാവുന്ന 44കാരനായ ഹേമന്ത് സോറന്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) അധ്യക്ഷന്‍ ഷിബു സോറന്റെ മകനാണ്. വാശിയേറിയ തിരഞ്ഞെടുപ്പില്‍ 81 അംഗ നിയമസഭയില്‍ ജെഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യം 47 സീറ്റ് നേടിയിരുന്നു. 2000ല്‍ രൂപംകൊണ്ട സംസ്ഥാനത്ത് ഒമ്പതുതവണ സര്‍ക്കാരുകളും മൂന്നുതവണ രാഷ്ട്രപതി ഭരണവുമുണ്ടായിട്ടുണ്ട്. 

Tags:    

Similar News