കനത്ത മഴ; ഉത്തര്‍പ്രദേശില്‍ എസിപി ഓഫീസ് തകര്‍ന്ന് സബ്ഇന്‍സ്പെക്ടര്‍ മരിച്ചു

Update: 2025-05-25 14:29 GMT

ലഖ്നൗ: ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും എസിപി ഓഫിസ് തകര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ഗാസിയാബാദിലെ അങ്കുര്‍ വിഹാര്‍ ഓഫീസിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. 58കാരനായ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര മിശ്രയാണ് മരിച്ചത്. ശക്തമായ കാറ്റില്‍ ഓഫീസിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.

അതേസമയം ഡല്‍ഹിയില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വ്യാപക നാഷനഷ്ടങ്ങളാണ് റിപോര്‍ട്ട് ചെയ്ത്. തെരുവുകളും പ്രധാന റോഡുകളും ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണതോടെ റോഡ് ഗതാഗതം തടസപ്പെട്ടു.

മോശം കാലാവസ്ഥ വിമാന സര്‍വീസുകളെയും ബാധിച്ചു. മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വണ്‍ എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായിരിക്കുന്നത്. നിരവധി റോഡുകളും അണ്ടര്‍പാസുകളും വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം സ്തംഭിച്ചു.