ഉത്തരേന്ത്യയില്‍ കനത്ത മഴ; ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം അവസാനിക്കുന്നില്ല; 10 മരണം

1982-ന് ശേഷം പെയ്ത ഏറ്റവും ഉയര്‍ന്ന മഴയാണിത്.

Update: 2023-07-10 05:15 GMT
ഷിംല:ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാശംവിതച്ച അതിശക്തമായ മഴ തുടരുന്നു. ഉത്തരേന്ത്യയില്‍ 10 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലുമായി അഞ്ചു പേര്‍ മരിച്ചു. മിന്നല്‍ പ്രളയത്തില്‍ വീടുകളും പാലങ്ങളും ഒലിച്ചുപോയി. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ കൂട്ടത്തോടെ കുത്തിയൊലിച്ച് പോകുന്ന കാഴ്ചകളും കാണാനായി. സംസ്ഥാനത്തെ സാധാരണ ജീവിതം ആകെ താറുമാറയതോടെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.

പ്രധാന നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ഞായറാഴ്ച മുതല്‍ പത്ത് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതി തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ 14 വലിയ ഉരുള്‍പൊട്ടലും 13 മിന്നല്‍ പ്രളയങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 700-ലധികം റോഡുകള്‍ അടച്ചു.


 ടൂറിസ്റ്റ് കേന്ദ്രമായ കുളുവിലും മണാലിയിലും പ്രളയത്തില്‍ വാഹനങ്ങളും കടകളും ഒലിച്ചുപോയി. വന്‍ കൃഷി നാശവും സംഭവിച്ചു. ഷിംലയില്‍ നിരവധി റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. മണാലിയില്‍ കൊച്ചിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും കുടുങ്ങിക്കിടക്കുന്നുണ്ട്.

ഷിംലയിലെ കോട്ഗഡ് മേഖലയില്‍ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അനില്‍, ഭാര്യ കിരണ്‍, മകന്‍ സ്വപ്നില്‍ എന്നിവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കുളുവില്‍ താത്കാലിക വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. ചാമ്പയില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ മണ്ണിടിച്ചിലില്‍ മറ്റൊരാളും മരിച്ചു.


 50 വര്‍ഷം പഴക്കമുള്ള ഒരു പാലമടക്കം നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും അതിശക്തമഴ തുടരുന്നുണ്ട്. നാല്പതു വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഴയാണ് രാജ്യതലസ്ഥാനത്ത് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച തുടങ്ങി ഞായറാഴ്ച രാവിലെ എട്ടര വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ 153 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 1982-ന് ശേഷം ജൂലായില്‍ പെയ്ത ഏറ്റവും ഉയര്‍ന്ന മഴയാണിത്.














 




Tags: