ചെന്നൈയില്‍ കനത്ത മഴ; പ്രളയ മുന്നറിയിപ്പ്, ചൊവ്വാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

Update: 2025-12-01 16:51 GMT

ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ തമിഴ്നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തിരുവള്ളൂര്‍, ചെന്നൈ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ചെന്നൈയില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം ചെന്നൈ തിരുവള്ളുവര്‍ എന്നിവിടങ്ങളില്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവള്ളൂരില്‍ പൂനമല്ലി ഹൈവേയില്‍ മഴവെള്ളക്കെട്ടില്‍ ഒരു കാര്‍ കുടുങ്ങി. ചെന്നൈയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ദുരന്തബാധിതപ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് തങ്കച്ചിമഠത്തിലെ ജനവാസ കേന്ദ്രങ്ങള്‍ ഒറ്റപ്പെട്ടുപോയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കടലൂര്‍, റാണിപ്പേട്ട് പ്രദേശങ്ങളിലടക്കം മഴ ശക്തമായിരുന്നു. 24 മണിക്കൂറില്‍ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തല്‍.