തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു: മരണം നാലായി; അഞ്ഞൂറോളം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങി കിടക്കുന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ശമനമില്ല. തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് 4 പേര്‍ മരിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരെ വിവിധയിടങ്ങളില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയോഗിച്ചു. റെയില്‍പ്പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിലായി ഏഴായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലാവുകയും ചെയ്തു.
ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ അടക്കം അഞ്ഞൂറോളം പേരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഇവര്‍ക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ചു നല്‍കാന്‍ വ്യോമസേന നടത്തിയ ശ്രമം പരാജയപ്പെട്ടതാണു തിരിച്ചടിയായത്. സുളൂര്‍ വ്യോമതാവളത്തില്‍ നിന്ന് 2 ടണ്ണോളം ഭക്ഷ്യവസ്തുക്കളുമായി ഹെലികോപ്റ്റര്‍ എത്തിയെങ്കിലും കനത്ത വെള്ളപ്പാച്ചില്‍ തുടരുന്നതിനാല്‍ ഇതു നിലത്തിറക്കാനായില്ല. ട്രെയിനിലുള്ള എണ്ണൂറോളം പേരില്‍ 300 പേരെ സമീപത്തെ സ്‌കൂളിലേക്കു മാറ്റിയത് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ്. മറ്റുള്ളവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത വിധം കനത്ത വെള്ളപ്പാച്ചിലാണ് പ്രദേശത്തുള്ളത്. തിരുച്ചെന്തൂര്‍ തിരുനെല്‍വേലി സെക്ഷനുകളില്‍ക്കിടില്‍ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിലാണു ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഈ ഭാഗത്തെ 7 കിലോമീറ്ററിലധികം വരുന്ന റെയില്‍ പാതയുടെ അടിയില്‍ നിന്ന് മണ്ണൊലിച്ചു പോയ നിലയിലാണ്. വൈദ്യുതി ബന്ധം നിലച്ചതും ആവശ്യത്തിനു വെളിച്ചമില്ലാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്.
കന്യാകുമാരി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്ക്ക് ഇന്നലെ പകല്‍ നേരിയ ശമനം. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ജില്ലാ ഭരണകൂടം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 11 ക്യാംപുകളിലായി 553 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. വെള്ളം കയറിയ പ്രദേശങ്ങള്‍ മന്ത്രി ടി.മനോ തങ്കരാജ്, ജില്ലാ കലക്ടര്‍ പി.എന്‍.ശ്രീധര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
കന്യാകുമാരി വിവേകാനന്ദസ്മാരകത്തിലേക്കുള്ള ബോട്ട് സര്‍വീസ് രണ്ടാം ദിനമായ ഇന്നലെയും നിര്‍ത്തി വച്ചു. ജില്ലയിലെ പ്രധാന ജലസംഭരണികളായ പേച്ചിപ്പാറ, പെരുഞ്ചാണി എന്നിവിടങ്ങളില്‍ നിന്ന് 4600 ഘനഅടി ഉപരിജലം വീതം തുറന്നുവിടുന്നുണ്ട്. തിരുനെല്‍വേലി ജില്ലയിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലെ പകല്‍ നേരിയ ശമനമുണ്ട്. തിരുനെല്‍വേലിയില്‍ നിന്നു നാഗര്‍കോവിലിലേക്ക് മാത്രമേ നിലവില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് സര്‍വീസ് നടത്തുന്നുള്ളൂ.
തുത്തൂക്കുടി, തിരുച്ചെന്തൂര്‍, തെങ്കാശി എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തെങ്കാശി കുറ്റാലത്തും പഴയ കുറ്റാലത്തും അഞ്ചരുവിയിലും സഞ്ചാരികളുടെ പ്രവേശനം വിലക്കി. ശബരിമല സീസണ്‍ ആയതിനാല്‍ തീര്‍ഥാടകരുടെ വലിയ തിരക്കിലാണു കുറ്റാലം. നീരൊഴുക്ക് ശാന്തമാകാതെ വെള്ളച്ചാട്ടങ്ങളിലേക്കു സഞ്ചാരികളെ കയറ്റിവിടില്ല. കേരളത്തിലും ട്രെയിന്‍ യന്ത്രണംതമിഴ്‌നാട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്നു കേരളത്തിലൂടെ സര്‍വീസ് നടത്തുന്നത് അടക്കമുള്ള 17 ട്രെയിനുകള്‍ റദ്ദാക്കി; ചിലത് വഴി തിരിച്ചു വിട്ടു. തിരുനെല്‍വേലി, തിരിച്ചെന്തൂര്‍, തെങ്കാശി, തൂത്തുക്കുടി ഉള്‍പ്പെടെയുള്ള മേഖലകളിലെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി.
ഇന്ന് വിരുദുനഗര്‍, മധുര ജില്ലകളില്‍ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇരു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധുര, വിരുദുനഗര്‍ ജില്ലകളില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൂത്തുക്കുടി, തേനി, നീലഗിരി, ഡിണ്ടിഗല്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍, ഇന്നു വൈകിട്ടോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.
തെക്കന്‍ തമിഴ്നാട്ടിലെ 39 പ്രദേശങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാലു ജില്ലകളില്‍ ഇന്നും റെഡ് അലേര്‍ട്ട് മുന്നറിയിപ്പു തുടരും. അണക്കെട്ടുകളിലും അതിവേഗം വെള്ളം നിറയുകയാണ്. വിവിധ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ താമ്രപര്‍ണി നദി കരകവിഞ്ഞോഴുകുന്നതും തിരുനെല്‍വേലിയിലെ പ്രളയത്തിനു കാരണമായി. സ്ഥിതിഗതികള്‍ കണക്കിലെടുത്ത്, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് 67 ഫയര്‍ എന്‍ജിനുകളും 43 ബോട്ടുകളും സഹിതം 1,000 അഗ്‌നിശമന സേനാംഗങ്ങളെ അയച്ചു. വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയിലും മന്ത്രിമാരെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയോഗിച്ചു.

