മുംബൈ: കനത്ത മഴയേത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടം. പുണെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുകയാണ്. പിംപ്രിചിഞ്ച്വാഡിലെ റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റുകളില്‍ വെള്ളംകയറി. വെള്ളക്കെട്ടിലൂടെ നടന്ന മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
മുംബൈയിലും സമീപ പ്രദേശമായ താനെയിലും കനത്ത മഴ തുടരുകയാണ്. സിയോന്‍, ചെമ്പൂര്‍, കുര്‍ള, മുംബ്ര എന്നിവടങ്ങളില്‍ വെള്ളംകയറി. അന്ധേരി സബ് വേ അടച്ചിരിക്കുകയാണ്. മുംബൈ കോര്‍പറേഷനില്‍ കുടിവെള്ളവിതരണം നടത്താനുള്ള ജലെ ശേഖരിക്കുന്ന വിഹാര്‍, മോദക്‌സാഗര്‍ തടാകങ്ങള്‍ കവിഞ്ഞൊഴുകുകയാണ്. നഗരത്തില്‍ പലയിടത്തും ഗതാഗതം സ്തംഭിച്ചു.
പുണെയിലെ എകതാ നഗര്‍, സിന്‍ഹഡ് റോഡ്, വാര്‍ജേ എന്നിവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മുത നദിക്ക് കുറുകെയുള്ള പാലം വെള്ളത്തിനടിയിലായി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 48 മണിക്കൂര്‍ പ്രവേശനം വിലക്കി. അനാവശ്യമായി വീടിനു പുറത്തിറങ്ങരുതെന്ന് പുണെ നിവാസികള്‍ക്ക് നിര്‍ദേശമുണ്ട്. വ്യാഴാഴ്ചയും കനത്ത മഴക്ക് സാധ്യത പ്രവചിച്ച കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.