ചെന്നൈയില്‍ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി

ചില താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലേക്കും വെള്ളം എത്തിത്തുടങ്ങി. നൂറോളം പേരെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്.

Update: 2021-11-07 14:15 GMT

ചെന്നൈ: ചെന്നൈയില്‍ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ജലനിരപ്പ് ഉയര്‍ന്നതോടെ നഗരത്തിന് സമീപത്തെ മൂന്ന് ജല സംഭരണികള്‍ തുറന്നു. മറ്റൊരു പ്രളയമാണോ വരുന്നതെന്ന ഭയപ്പാടിലാണ് ചെന്നൈ നഗരവാസികള്‍. പാതിയിലധികം റോഡുകളിലും ഒരടിയില്‍ കൂടുതല്‍ വെള്ളം കയറി.

ചില താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലേക്കും വെള്ളം എത്തിത്തുടങ്ങി. നൂറോളം പേരെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. അവശ്യഘട്ടത്തില്‍ നഗരത്തിലെ സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാംപുകളാക്കി മാറ്റാന്‍ നടപടി ആരംഭിച്ചു. ചെമ്പരാമ്പാക്കം, പൂണ്ടി, പുഴല്‍ ജലസംഭരണികളില്‍നിന്ന് ചെറിയ അളവില്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി.

ഇന്നലെ രാത്രി മുതല്‍ രാവിലെ എട്ട് മണിവരെ തുടര്‍ച്ചയായി പെയ്ത മഴയാണ് വെള്ളക്കെട്ടിന് കാരണം. രാവിലെ മുതല്‍ ഇടവിട്ടേ മഴ പെയ്യുന്നുള്ളു എന്നത് ആശ്വാസം പകരുന്നു. അടുത്ത രണ്ടുദിവസം തമിഴ്‌നാട്ടിലെ വടക്ക് ഭാഗത്തെ തീരദേശ ജില്ലകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചെന്നൈ, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു.

ട്രെയിന്‍, റോഡ് ഗതാഗതത്തെ മഴ ബാധിച്ചിട്ടുണ്ട്. നഗരത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും തയ്യാറായി നില്‍ക്കുന്നു. ഇന്ന് രാത്രി മഴ പെയ്തില്ലെങ്കില്‍ സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷ.