കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ ജെഡിഎസ് പുറത്താക്കി

Update: 2019-07-31 16:34 GMT

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ വീഴ്ത്തിയ മൂന്ന് വിമത എംഎല്‍എമാരെ ജെഡിഎസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണു എ എച്ച് വിശ്വനാഥന്‍, കെ ഗോപാലയ്യ, കെ സി നാരായണ ഗൗഡ എന്നിവരെ പുറത്താക്കിയതെന്നു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നേരത്തേ, സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും രാജിവയ്ക്കുകയും ചെയ്ത ഇവരെ സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. വിമതപ്രവര്‍ത്തനം നടത്തിയ 14 കോണ്‍ഗ്രസ് എംഎല്‍മാരെയും സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. തുടര്‍ന്ന് ജൂലൈ 23നു നടന്ന വിശ്വാസവോട്ടെടുപ്പില്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും വിശ്വാസവോട്ട് നേടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.




Tags:    

Similar News