അന്യായമായ തടങ്കല്‍: അലഹബാദ് ഹൈക്കോടതി ഹരജി തള്ളി; ഹാഥ്‌റസ് ഇരയുടെ കുടുംബം സുപ്രിംകോടതിയിലേക്ക്

പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് എന്ന ദലിത് സംഘടന നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സമാനസ്വഭാവമുള്ള ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്.

Update: 2020-10-09 05:02 GMT

ലഖ്‌നോ: അന്യായമായി തടഞ്ഞുവയ്ക്കുന്ന ഹാഥ്‌റസ് ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ ചോദ്യംചെയ്ത് കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബം സുപ്രിംകോടതിയെ സമീപിക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് എന്ന ദലിത് സംഘടന നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സമാനസ്വഭാവമുള്ള ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്.

കുടുംബത്തിന് സുപ്രിംകോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ പ്രകാശ് പാഡിയ, പ്രിതിന്‍കര്‍ ദിവാകര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ നിലപാടുകളും വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഒക്ടോബര്‍ ഒന്നിന് സ്വമേധയാ കേസെടുത്ത അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് ഇതിനകംതന്നെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഹൈക്കോടതി ഈ കേസില്‍ ഇടപെടുന്നത് ഉചിതമല്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സുപ്രിംകോടതിയെ സമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പോലിസ് സമ്മര്‍ദം ചെലുത്തുന്നുവെന്നും തടങ്കലിലാക്കിയ അവസ്ഥയാണെന്നുമാണ് ഹരജിയില്‍ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നത്. സപ്തംബര്‍ 29 മുതല്‍ ജില്ലാ ഭരണകൂടം കുടുംബത്തെ തടവിലാക്കിയിരിക്കുകയാണ്. ആരെയും കാണുന്നതിനോ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതിനോ അനുവാദമില്ലെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോലും അനുവാദമില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

ഇരയുടെ മാതാപിതാക്കള്‍, രണ്ട് സഹോദരന്‍മാര്‍, സഹോദരി, മുത്തശ്ശി എന്നിവരെ അവരുടെ ആഗ്രഹപ്രകാരം ഡല്‍ഹിയിലേക്ക് പോവാന്‍ അനുവദിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം, സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഹൈക്കോടതിയുടെ മുമ്പിലുള്ള ഹരജി നിലനില്‍ക്കില്ലെന്നും അത് സബ് ജുഡീഷ്യല്‍ ആവുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു. ഹാഥ്‌റസ് സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്ത യുപി പോലിസ് നടപടി ചോദ്യംചെയ്ത് കെയുഡബ്ല്യുജെ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

Tags: