ഹരിയാനയിലെ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണം; ബില്‍ നിയമസഭ പാസാക്കി
സ്വകാര്യകമ്പനികള്‍, പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ 75 ശതമാനം ജോലിയും സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കണമെന്ന് ഹരിയാവ സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ബില്‍ വ്യവസ്ഥചെയ്യുന്നു.
ഛത്തീസ്ഗഢ്: ഹരിയാനയില്‍ സ്വകാര്യസ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് സംവരണം ചെയ്യുന്ന ബില്‍ ഹരിയാന നിയമസഭ പാസാക്കി. ഹരിയാന തൊഴില്‍മന്ത്രിയും ഉപമുഖ്യന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയാണ് ബില്‍ നിയമസഭയില്‍ വച്ചത്. സ്വകാര്യകമ്പനികള്‍, പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ 75 ശതമാനം ജോലിയും സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കണമെന്ന് ഹരിയാവ സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ബില്‍ വ്യവസ്ഥചെയ്യുന്നു.
പ്രതിമാസം 50,000 രൂപയില്‍ കുറവ് ശമ്പളമുള്ള ജോലികളാണ് ഇപ്രകാരം സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍, ചില പ്രത്യേക വിഭാഗം ജോലികളില്‍ പ്രാദേശിക ഉദ്യോഗാര്‍ഥികളെ ലഭ്യമല്ലാതെവന്നാല്‍ പുറത്തുനിന്ന് ഉദ്യോഗാര്‍ഥികളെ എടുക്കാന്‍ അനുവാദമുണ്ടാവും. ഇന്ത്യയില്‍ എവിടെയും ഏത് തൊഴിലും ചെയ്യാന്‍ അവകാശം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19 എന്നിവയ്ക്ക് വിരുദ്ധമായതിനാല്‍ ബില്‍ നിയമമാക്കുന്നതിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. കുറഞ്ഞ ശമ്പളമുള്ള ജോലികള്‍ക്കായി മല്‍സരിക്കുന്ന ധാരാളം കുടിയേറ്റക്കാരുണ്ട്. അതുകൊണ്ടാണ് പ്രാദേശികാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനമെന്നാണ് റിപോര്‍ട്ടുകള്‍.
ബില്‍ വ്യവസ്ഥകള്‍ പ്രകാരം കമ്പനികള്‍ പ്രതിമാസം 50,000 രൂപയില്‍ താഴെ പ്രതിമാസ വേതനം ലഭിക്കുന്ന എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ബില്‍ നിയമമായി മാറിക്കഴിഞ്ഞ് മൂന്നുമാസത്തിനുള്ളില്‍ ഇത് ചെയ്യണം. അല്ലെങ്കില്‍ 25,000 മുതല്‍ 1 ലക്ഷം വരെ പിഴ ഈടാക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികളില്ലെങ്കില്‍ പുറത്തുനിന്ന് നിയമിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്തുക. എന്തെങ്കിലും അപാതക തോന്നിയാല്‍ ഈ ഉദ്യോഗസ്ഥന് കമ്പനിക്ക് നല്‍കിയ ഇളവ് അസാധുവാക്കാന്‍ അധികാരമുണ്ടാവുമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു.

