പാര്‍ട്ടി മാറിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമായിരുന്നു; രവീന്ദ്ര വൈകാര്‍

Update: 2024-05-12 10:15 GMT
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തെയും എന്‍.ഡി.എയെയും വെട്ടിലാക്കി സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ഉദ്ദവ് താക്കറെ വിഭാഗത്തില്‍നിന്നു കൂടുമാറിയ രവീന്ദ്ര വൈകാര്‍ ദിവസങ്ങള്‍ക്കുമുന്‍പ് നടത്തിയ പരാമര്‍ശമാണു മുന്നണിക്കു തിരിച്ചടിയായിരിക്കുന്നത്. മറ്റു പാര്‍ട്ടികളിലേക്കു കൂടുമാറിയില്ലെങ്കില്‍ ജയിലിലേക്കു പോകേണ്ടി വരുമായിരുന്നുവെന്നായിരുന്നു അദ്ദേഹം ഒരു മറാഠി മാധ്യമത്തോട് പ്രതികരിച്ചത്. മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാണ് വൈകാര്‍.

'മഹാരാഷ്ട്ര ടൈംസി'ന് കഴിഞ്ഞ വ്യാഴാഴ്ച നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദമായ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു: ''ഒരു കേസില്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെട്ട ശേഷം രണ്ടു കാര്യങ്ങള്‍ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്; ഒന്നുകില്‍ ജയിലില്‍ പോകുക, അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടികളില്‍ ചേരുക. വലിയ ഹൃദയവേദനയോടെയാണ് ഞാന്‍ പാര്‍ട്ടി വിട്ടത്. എന്റെ ഭാര്യയുടെ പേരുപോലും കേസിലേക്കു വലിച്ചിഴയ്ക്കപ്പെട്ടതോടെ മുന്നില്‍ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല.''

കഴിഞ്ഞ വര്‍ഷം രവീന്ദ്ര വൈകാറിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) കേസെടുത്തിരുന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കേസ്. ഹോട്ടല്‍ നിര്‍മാണത്തില്‍ 500 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണമുള്ളത്.

അഭിമുഖം വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി വൈകാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയും ചെയ്തു. തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ''ഇ.ഡി നോട്ടിസ് ലഭിച്ച ശേഷം ഉദ്ദവ് താക്കറെയെ കാണണമെന്ന് ഞാന്‍ ഇടയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഈ ചെയ്യുന്നതു ശരിയല്ലെന്നു പറയണമെന്ന് ഉദ്ദവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, കേസ് സ്വന്തം നേരിട്ടോളണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് എന്നെ മനസിലാക്കുന്ന ശിവസേന(ഷിന്‍ഡെ വിഭാഗത്തില്‍) ഞാന്‍ ചേര്‍ന്നത്''-രവീന്ദ്ര വൈകാര്‍ വിശദീകരിച്ചു.

കേസിന്റെ സമയത്ത് ഉദ്ദവ് തനിക്കൊപ്പം നില്‍ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അത്തരമൊരു നടപടിയുമുണ്ടായില്ല. അതിനുശേഷമാണു മുഖ്യന്ത്രി ഏക്നാഥ് ഷിന്‍ഡെയുമായി ചര്‍ച്ച നടന്നത്. അദ്ദേഹം തന്നെ കേള്‍ക്കുകയും ചെയ്തെന്നും വൈകാര്‍ കൂട്ടിച്ചേര്‍ത്തു.



ഉദ്ദവ് താക്കറെയുടെ അടുത്തയാളായിരുന്ന രവീന്ദ്ര വൈകാര്‍ നിലവില്‍ ജോഗേശ്വരി ഈസ്റ്റില്‍നിന്നുള്ള എം.എല്‍.എയാണ്. 2022 ജൂണില്‍ ശിവസേനയിലുണ്ടായ പിളര്‍പ്പിലാണ് വൈകാര്‍ ഷിന്‍ഡെയ്ക്കൊപ്പം ചേര്‍ന്നത്. അന്ന് ഉദ്ദവ് പക്ഷത്തുനിന്നു കൂറുമാറിയ 15 എം.എല്‍.എമാരിലൊരാളാണ് അദ്ദേഹം. ഇത്തവണ മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ ഷിന്‍ഡെ സേനയുടെ സ്ഥാനാര്‍ഥിയാണ്. അതേസമയം, വൈകാറിനെതിരെ അയോഗ്യതാ നോട്ടിസ് പുറത്തിറക്കിയിരിക്കുകയാണ് സേന ഉദ്ദവ് പക്ഷം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായാണു മത്സരിക്കുന്നതെന്നാണു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.




Tags: