ഗുജറാത്ത് സര്‍വ്വകലാശാല അക്രമം; കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുക: എസ്ഡിപിഐ

Update: 2024-03-18 07:17 GMT

വിദേശ വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ഹീനമായ ആക്രമണം അപമാനകരവും അത്യന്തം അപലപനീയവുമാണെന്ന് എസ്ഡിപിഐ. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.സര്‍വ്വകലാശാലയില്‍ പഠിക്കുന്ന അഫ്ഗാനിസ്ഥാന്‍,ആഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അസഹിഷ്ണുക്കളായ 250 ഓളം വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികള്‍, ഒരു കാലത്ത് ഭക്തിനിര്‍ഭരമായിരുന്നതും ഇപ്പോള്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മുദ്രാവാക്യമായി മാറിയിട്ടുള്ളതുമായ ജയ്ശ്രീറാം മുഴക്കി അക്രമിക്കുകയായിരുന്നു. വിശുദ്ധ റമദാന്‍ മാസത്തില്‍ ഈ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഹോസ്റ്റല്‍ മുറിയില്‍ നമസ്‌കരിച്ചതാണ് ഹീനമായ ഈ ആക്രമണത്തിനുള്ള പ്രകോപനം. അക്രമികള്‍ കല്ലെറിയുകയും, കത്തികളും വടികളും ഉപയോഗിച്ച് വിദ്യാര്‍ഥികളെ അക്രമിക്കുകയും മോട്ടോര്‍ ബൈക്കുകള്‍, ലാപ്ടോപ്പുകള്‍, ഫോണുകള്‍, എസി, സൗണ്ട് സിസ്റ്റം മുതലായവ നശിപ്പിക്കുകയും ചെയ്തു.



ന്യൂനപക്ഷങ്ങള്‍ക്കെതിരായ മതവിദ്വേഷവും വെറുപ്പും കൊണ്ടാണ് കഴിഞ്ഞ ദശകത്തിലെ ഇന്ത്യ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. മുസ്ലിംകളാണ് ഇതിന്റെ പ്രഥമ ഇരകള്‍. സ്വബോധമുള്ള ഒരു കൂട്ടം ആളുകളെ, അപരമതവിദ്വേഷ പൂരിതമായ മനസ്സും ഹൃദയവും പേറുന്ന, വെളിവുകെട്ടവരും പൈശാചികരുമായ ഒരു ആള്‍ക്കൂട്ടമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി മോദിയുടെ വികസനം.



ഇത്തരം കുറ്റകൃത്യങ്ങള്‍ക്കും ഗുണ്ടായിസത്തിനുമെതിരെ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളാതെ പൂര്‍ണമായും കാവിവല്‍ക്കരിക്കപ്പെട്ട സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും രാജ്യത്തെ അരാജകത്വത്തിലേക്കും ആപത്തിലേക്കും നയിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ ചെറുത്തുനില്‍പ്പിലൂടെ ഈ അരാജകത്വത്തിന് അറുതിവരുത്താന്‍ രാജ്യത്തെ അവശേഷിക്കുന്ന സ്വബോധമുള്ള പൗരന്മാര്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ നഷ്ടം ഫാഷിസ്റ്റുകള്‍ക്കല്ല, രാജ്യത്തിനാണെന്നും എസ്ഡിപിഐ വ്യക്തമാക്കി.




Similar News