ലോക്ക് ഡൗണിന്റെ മറവില്‍ മുസ്‌ലിംകളോട് ഗുജറാത്ത് പോലിസിന്റെ ക്രൂരത; ഗര്‍ഭിണിയടക്കമുള്ളവരെ വീട്ടില്‍കയറി മര്‍ദിച്ചു

രാത്രിയില്‍ മുസ്‌ലിം വീടുകളില്‍ അതിക്രമിച്ച് കയറിയ പോലിസ് സംഘം ഗര്‍ഭിണിയടക്കമുള്ളവരെ ക്രൂരമായി മര്‍ദിച്ചു. നോമ്പുതുറക്കാനായി ഒരുക്കുവച്ചിരുന്ന വെള്ളവും ഭക്ഷണവും അടിച്ചുതകര്‍ത്ത പോലിസ്, മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍നിന്ന് 29 പേരെ കസ്റ്റഡിയിലെടുത്തു. 62 വയസുള്ള വൃദ്ധനെയും അംഗപരിമിതയായ കുട്ടിയെയും പോലിസ് വെറുതെവിട്ടില്ല.

Update: 2020-05-15 04:35 GMT

അഹമ്മദാബാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മറവില്‍ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കുനേരേ പോലിസിന്റെ ക്രൂരമായ അക്രമം അഴിച്ചുവിട്ടു. രാത്രിയില്‍ മുസ്‌ലിം വീടുകളില്‍ അതിക്രമിച്ച് കയറിയ പോലിസ് സംഘം ഗര്‍ഭിണിയടക്കമുള്ളവരെ ക്രൂരമായി മര്‍ദിച്ചു. നോമ്പുതുറക്കാനായി ഒരുക്കുവച്ചിരുന്ന വെള്ളവും ഭക്ഷണവും അടിച്ചുതകര്‍ത്ത പോലിസ്, മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍നിന്ന് 29 പേരെ കസ്റ്റഡിയിലെടുത്തു. 62 വയസുള്ള വൃദ്ധനെയും അംഗപരിമിതയായ കുട്ടിയെയും പോലിസ് വെറുതെവിട്ടില്ല. ഈമാസം എട്ടിന് അഹമ്മദാബാദ് ഷാഹ്പൂര്‍ അദ്ദ മേഖലയിലാണ് പോലിസ് വ്യാപകമായി അക്രമം അഴിച്ചുവിട്ടതെന്ന് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു.


 പോലിസ് അതിക്രമത്തെക്കുറിച്ച് ഇരയായ രഹാന വിവരിക്കുന്നത് ഇപ്രകാരമാണ്- രാത്രി ഏഴുമണിയോടെയാണ് പോലിസുകാര്‍ വീട്ടിലേക്ക് ഇരച്ചുകയറിയത്. നോമ്പുമുറിക്കാനുള്ള പഴങ്ങള്‍ മുറിക്കുകയായിരുന്നു താന്‍. ഭര്‍ത്താവ് ഒരുവയസുള്ള മകളുമായി തൊട്ടപ്പുറത്തുള്ള കട്ടിലില്‍ ഇരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി വീട്ടിലേക്ക് അതിക്രമിച്ചുകടന്ന പോലിസ് സംഘം ഭര്‍ത്താവിനെ കട്ടിലില്‍നിന്ന് വലിച്ച് പുറത്തേക്കെറിഞ്ഞു. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാനാണ് പോലിസെത്തിയത്. നോമ്പുതുറക്കാന്‍ ഒരുതുള്ളി വെള്ളം കുടിക്കാന്‍ അനുവദിക്കണമെന്ന് ഭര്‍ത്താവ് അഭ്യര്‍ഥിച്ചെങ്കിലും പോലിസ് ചെവികൊണ്ടില്ല. നോമ്പുതുറക്കാനായി തയ്യാറാക്കിയ പഴങ്ങള്‍ വച്ചിരുന്ന പാത്രി പോലിസ് തട്ടിത്തെറിപ്പിക്കുകയാണ് ചെയ്തതെന്ന് രഹാന പറയുന്നു.


 ഗുജറാത്ത് പോലിസിന്റെ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരതയെക്കുറിച്ചാണ് ഗര്‍ഭിണിയായ സുലേമയ്ക്ക് പറയാനുള്ളത്. വീട്ടിലേക്ക് ഇരച്ചുകയറിയ പോലിസ് പിതാവിനെയും സഹോദരനെയും ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങിയപ്പോഴാണ് താന്‍ തടയാന്‍ ശ്രമിച്ചത്. അപ്പോള്‍ തനിക്കുനേരെയായി പോലിസ് അതിക്രമമെന്ന് കവിളിലെ ചുവന്ന വിരലടയാളങ്ങള്‍ കാണിച്ചുകൊണ്ട് സുലേമ പറയുന്നു. ഗര്‍ഭിണിയാണെന്ന് പറഞ്ഞെങ്കിലും വടികൊണ്ട് പോലിസ് അടിക്കുകയായിരുന്നു. തന്റെ വയറ്റില്‍ പോലിസ് പലതവണ വടികൊണ്ട് അടിച്ചു. ഇത് കണ്ടുനിന്ന അയല്‍വാസികളാണ് ഗര്‍ഭിണിയായ തന്നെ മര്‍ദിക്കുന്നത് തടഞ്ഞത്. അവര്‍ വടിമേടിച്ച് കളയുകയും ചെയ്തുവെന്നും സുലേമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പോലിസ് വീടുകളില്‍ അതിക്രമം നടത്തിയെന്ന പരാതി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ധര്‍മേന്ദ്ര ശര്‍മ നിഷേധിച്ചു. പോലിസ് സ്ത്രീകളെ മര്‍ദിക്കുന്നതായും വീടുകള്‍ കൊള്ളയടിക്കുന്നതായുമുള്ള പരാതികള്‍ തീര്‍ത്തും തെറ്റാണ്. ചില അക്രമികള്‍ നാട്ടില്‍നിന്ന് പാലായനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ അവരെ പിന്തുടര്‍ന്നു. അവരില്‍ ചിലര്‍ വീടുകളില്‍ ഒളിക്കാന്‍ ശ്രമിച്ചു, അതിനാലാണ് അവരെ ബലംപ്രയോഗിച്ച അറസ്റ്റുചെയ്യേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പലരും മടങ്ങിപ്പോവാന്‍ തയ്യാറായില്ല. ഉത്തരവ് ലംഘിച്ചവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തടയുകയും പോലിസിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് പോലിസിന്റെ വാദം. പോലിസിന് നേരേ കല്ലെറിയുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് ഐപിസി, പകര്‍ച്ചവ്യാധി നിയമം, ദുരന്തനിവാരണനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 29 പേരെ അറസ്റ്റുചെയ്തതെന്ന് പോലിസ് വിശദീകരിക്കുന്നു.  

Tags: