മുസ് ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുള്ള ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി ജിഎസ്ആര്‍ടിസി
അഹ്‌മദാബാദ്: മുസ് ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുള്ള ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി ഗുജറാത്ത് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ജിഎസ്ആര്‍ടിസി). സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഇത്തരത്തില്‍ 27ഓളം ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇതിന്റെ ഭാഗമായി ജിഎസ്ആര്‍ടിസി ബസുകള്‍ ഈ ഹോട്ടലുകളില്‍ നിര്‍ത്തില്ല.
വഡോദര, രാജ്കോട്ട്, പാലന്‍പൂര്‍, ഗോധ്ര, നദിയാദ്, അഹമ്മദാബാദ്, ബറൂച്ച് എന്നീ ജില്ലകളിലെ 27 ഹോട്ടലുകളുടെ ലൈസന്‍സാണ് ഇത്തരത്തില്‍ റദ്ദാക്കിയത്. ഈ ഹോട്ടലുകള്‍ മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഉടമകള്‍ ഹിന്ദു പേരുകള്‍ ഉപയോഗിച്ചാണ് ലൈസന്‍സ് നേടിയിരുന്നത്. 27 ഹോട്ടലുകളുടെ പട്ടികയില്‍ ഹിന്ദു ദേവതകളുടെ പേരുകളുള്ളവയും ഉണ്ട്. ഹിന്ദു ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മുസ്ലിം ഉടമസ്ഥര്‍ ഹിന്ദു പേരുകള്‍ ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചെന്നും അതിലെ വസ്തുത അന്വേഷിച്ചെന്നും ജിഎസ്ആര്‍ടിസി പറയുന്നു.
അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ബിസിനസ് ഉടമകളും സമുദായ നേതാക്കളും രംഗത്തെത്തി. ഹിന്ദുമുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ മനപൂര്‍വം ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിമര്‍ശനം. സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്ന ജിഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ ഹൈവേയിലെ ചില ഹോട്ടലുകളില്‍ നിര്‍ത്താറുണ്ട്. ഇതിനായി, കോര്‍പ്പറേഷന്‍ എല്ലാ വര്‍ഷവും ടെന്‍ഡറുകള്‍ ക്ഷണിക്കാറുണ്ട്. ലൈസന്‍സ് റദ്ദാക്കിയതോടെ ഈ സ്ഥാപനങ്ങള്‍ക്ക് ഇനി ടെന്‍ഡറില്‍ പങ്കെടുക്കാനാകില്ല.
