മാസ്‌ക് ധരിച്ചില്ല, സാമൂഹിക അകലം പാലിച്ചില്ല; ഇന്‍ഡോറില്‍ വരന് 2,100 രൂപ പിഴ

ജില്ലയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി നടത്തിയ പതിവ് പരിശോധനയിലാണ് മാര്‍ഗനിര്‍ദേശ ലംഘനം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ വിവേക് ഗാംഗ്രേഡ് പറഞ്ഞു.

Update: 2020-06-16 01:15 GMT

ഇന്‍ഡോര്‍: കൊവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും വരന് പിഴ ചുമത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. 12 പേര്‍ക്കൊപ്പം ഒരു വാഹനത്തില്‍ വിവാഹ ചടങ്ങിന് പോവുകയായിരുന്ന വരനായ ധര്‍മേന്ദ്ര നിരാലെയ്ക്കാണ് 2,100 രൂപ പിഴ ചുമത്തിയത്. സാമൂഹിക അകലം പാലിക്കാത്തതിന് 1,100 രൂപയും മാസ്‌ക് ധരിക്കാത്തതിന് 1,000 രൂപയുമാണ് പിഴയിട്ടത്.

ജില്ലയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി നടത്തിയ പതിവ് പരിശോധനയിലാണ് മാര്‍ഗനിര്‍ദേശ ലംഘനം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ വിവേക് ഗാംഗ്രേഡ് പറഞ്ഞു. ഇന്‍ഡോറില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ 12 പേരെ ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുണ്ട്.

എന്നാല്‍, 12 പേരും സാമൂഹിക അകലം പാലിക്കാതെ ഒരൊറ്റ വാഹനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാതെ ഇരുന്നു, അതും മാസ്‌ക് ധരിക്കാതെ ഇരുന്നതിനെതിരേയാണ് നടപടി സ്വീകരിച്ചതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇന്‍ഡോറില്‍ നിലവില്‍ 4,069 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 174 പേര്‍ക്കാണ് വൈറസ് ബാധമൂലം ജീവന്‍ നഷ്ടമായത്. 

Tags:    

Similar News