നവജാതശിശുക്കളെ വില്‍പന നടത്തിയ നഴ്‌സ് അറസ്റ്റില്‍

Update: 2019-04-26 09:59 GMT

ചെന്നൈ: കഴിഞ്ഞ മുപ്പത് വര്‍ഷമായി നവജാതശിശുക്കളെ വില്‍പന നടത്തിയ നഴ്‌സ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ രാശിപുരം സ്വദേശിയായ അമുദവല്ലി എന്ന സ്ത്രീയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത ഇവര്‍ അടുത്തിടെയാണ് റിട്ടയര്‍ ആയത്. ലക്ഷങ്ങള്‍ വാങ്ങി കുട്ടികളെ അനധികൃതമായി ദത്തെടുത്ത് വില്‍പന നടത്തുകയാണ് അമുദവല്ലി ചെയ്തിരുന്നത്. അമുദവല്ലിയുമായി സതീഷ് എന്ന ഇടപാടുകാരന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് സംഗതി പുറത്തുവന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ഇടപാടിന് മുപ്പതിനായിരം രൂപയാണ് ഇവര്‍ വാങ്ങിയിരുന്നത്. ആണ്‍കുട്ടിക്ക് 4 ലക്ഷവും പെണ്‍കുട്ടിക്ക് 2.70 ലക്ഷവുമായിരുന്നു വിലയിട്ടിരുന്നത്. കുട്ടിയുടെ നിറം, തൂക്കം, ലിംഗം എന്നിവ നോക്കിയാണ് വില തീരുമാനിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍, ഒന്നിലേറെ കുട്ടികളുള്ളവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍, ഗര്‍ഭിണികളായ അവിവാഹിതര്‍ എന്നിവരില്‍ നിന്നാണ് അമുദവല്ലി കുട്ടികളെ വാങ്ങിയിരുന്നതെന്ന് പോലിസ് കണ്ടെത്തി. കുട്ടികളെ കൈമാറുമ്പോള്‍ കോര്‍പറേഷനില്‍ നിന്നു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കുന്നതിനു 75000 രൂപ വേറെയും ഇവര്‍ ഈടാക്കിയിരുന്നു. ഇവര്‍ക്കു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു.

Similar News