ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം; ട്വിറ്ററിനോട് വിശദീകരണം തേടി ഇന്ത്യ
സമീപകാലത്ത് ഹൈപ്രൊഫൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടന്ന ഹാക്കിങ് വിവരങ്ങള്‍ നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യയിലെ സൈബര്‍ സെക്യൂരിറ്റി നോഡല്‍ ഏജന്‍സി സിആര്‍ടിഇന്‍ ട്വിറ്ററിന് നോട്ടീസ് അയച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ഉന്നതരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ട്വിറ്ററിനോട് വിശദീകരണം ചോദിച്ച് ഇന്ത്യയും. സമീപകാലത്ത് ഹൈപ്രൊഫൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടന്ന ഹാക്കിങ് വിവരങ്ങള്‍ നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യയിലെ സൈബര്‍ സെക്യൂരിറ്റി നോഡല്‍ ഏജന്‍സി സിആര്‍ടിഇന്‍ ട്വിറ്ററിന് നോട്ടീസ് അയച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഉപയോക്താക്കളില്‍ എത്രപേരെ ഹാക്കിങ് ബാധിച്ചിട്ടുണ്ടെന്നും എത്രപേരുടെ ഡാറ്റ ഹാക്കിങ്ങിലൂടെ നഷ്ടമായിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള പൂര്‍ണവിവരങ്ങള്‍ നല്‍കണം. ഇന്ത്യയില്‍ സമാനമായ ഹാക്കിങ് നടന്നിട്ടുണ്ടോയെന്നു വ്യക്തമല്ല.
എന്നാല്‍, മാല്‍വെയര്‍ അടങ്ങിയ ട്വീറ്റുകളും ലിങ്കുകളും സന്ദര്‍ശിച്ച ഇന്ത്യയില്‍നിന്നുള്ള ഉപയോക്താക്കളുടെ എണ്ണത്തെക്കുറിച്ചും ഇത്തരത്തില്‍ പ്രശ്നബാധിതരായ ഉപയോക്താക്കളെയും അവരുടെ ട്വിറ്ററിലേക്കുള്ള അനധികൃതപ്രവേശനത്തെക്കുറിച്ച് അറിയിക്കണമെന്നും സിആര്‍ടിഇന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ആക്രമണകാരികള്‍ ചൂഷണം ചെയ്തതിന്റെ സ്വഭാവവും ഇന്ത്യ ആവശ്യപ്പെട്ടു. ഇതിനു പുറമെ ഹാക്കിങ് സംഭവത്തിനു മേല്‍ ട്വിറ്റര്‍ സ്വീകരിച്ച പരിഹാരനടപടികളുടെ വിശദാംശങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ വ്യക്തികളുടെയടക്കം അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
നിരവധി ആഗോള കോര്‍പറേറ്റ് നേതാക്കള്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, ബിസിനസുകള്‍ എന്നിവരുടെ അക്കൗണ്ടുകള്‍ ഹാക്കുചെയ്യുന്നതിന് ഹാക്കര്‍മാര്‍ ട്വിറ്ററിന്റെ സംവിധാനങ്ങളിലേക്ക് പ്രവേശനം നേടിയെന്ന റിപോര്‍ട്ടിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) പ്രവര്‍ത്തനമാരംഭിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍, ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ടെസ്ല സിഇഒ എലോണ്‍ മസ്‌ക് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണകാരികള്‍ ഹാക്ക് ചെയ്തിരുന്നു. വിവരങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ഇത് തടയാന്‍ ട്വിറ്റര്‍ സ്വീകരിച്ച നടപടികളും കത്തില്‍ ചോദിച്ചിട്ടുണ്ടെങ്കിലും ട്വിറ്ററില്‍നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നാണ് പിടിഐ റിപോര്‍ട്ടില്‍ പറയുന്നത്.

