ടെലികോം കമ്പനികള്‍ ഇന്ന് അര്‍ധരാത്രിക്കുള്ളില്‍ കുടിശിക അടച്ച് തീര്‍ക്കാന്‍ ഉത്തരവ്

92,642 കോടി രൂപ ലൈസന്‍സ് ഫീ ഇനത്തിലും 55,054 കോടി രൂപ സ്‌പെക്ട്രം യൂസേജ് ചാര്‍ജ് ഇനത്തിലുമാണ് കമ്പനികള്‍ നല്‍കാനുള്ളത്.

Update: 2020-02-14 15:27 GMT

ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് കനത്ത പ്രഹരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ക്രമീകരിച്ച മൊത്തവരുമാന കുടിശിക ഇന്ന് രാത്രി 11.59 നുള്ളില്‍ അടച്ചു തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ടെലികോം കമ്പനികളില്‍ നിന്നും കുടിശിക തിരികെ വാങ്ങുന്ന വൈകിപ്പിച്ചതിന് സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ടെലികോം മന്ത്രാലയത്തിന്റെ നീക്കം. എജിആര്‍ കുടിശികയായി ആകെ 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ ഉടന്‍ നല്‍കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. 92,642 കോടി രൂപ ലൈസന്‍സ് ഫീ ഇനത്തിലും 55,054 കോടി രൂപ സ്‌പെക്ട്രം യൂസേജ് ചാര്‍ജ് ഇനത്തിലുമാണ് കമ്പനികള്‍ നല്‍കാനുള്ളത്.

എജിആര്‍ കുടിശിക അനുസരിച്ച് വോഡഫോണ്‍ ഐഡിയക്ക് 53,000 കോടി രൂപയും, ഭാരതി എയര്‍ടെലിന് 35,500 കോടി രൂപയും പ്രവര്‍ത്തനമവസാനിപ്പിച്ച ടാറ്റ ടെലി സര്‍വീസസിന് 14,000 കോടി രൂപയും കുടിശികയായി നല്‍കാനുണ്ട്. കുടിശ്ശിക പൂര്‍ണമായി നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ കമ്പനികള്‍ അവരുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും കൂടുതല്‍ സമയം ലഭിക്കുന്നതിനും മതിയായ ഒരു വലിയ തുക നല്‍കാന്‍ തയ്യാറാവണമെന്ന് സുപ്രിംകോടതി പറഞ്ഞു.

ഇന്ന് വൈകുന്നേരത്തോടെയാണ് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് സര്‍ക്കിളുകളും സോണുകളും അനുസരിച്ച് നോട്ടീസ് നല്‍കിയത്. ഉത്തരവ് കിട്ടിയ എയര്‍ടെല്‍ ഫെബ്രുവരി 20 ന് മുമ്പായി 10,000 കോടി രൂപ നല്‍കാമെന്നും ബാക്കി തുക മാര്‍ച്ച് 17 ന് മുമ്പ് നല്‍കാമെന്നും എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കമ്പനികളുടെ ഡയറക്ടര്‍മാരോടും മാനേജിങ് ഡയറക്ടര്‍മാരോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

Similar News