ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി; ജനുവരി 10 വരെ അവസരം

ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ നല്‍കിയ സമയപരിധി. ഓഡിറ്റുള്ളവര്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനുമുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്. കമ്പനികള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി 2021 ഫെബ്രുവരി 15 വരെയാണ് നീട്ടിയത്.

Update: 2020-12-30 15:01 GMT

ന്യൂഡല്‍ഹി: ഓഡിറ്റ് ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും 2019-20 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി സര്‍ക്കാര്‍ നീട്ടി. ജനുവരി 10 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ നല്‍കിയ സമയപരിധി. ഓഡിറ്റുള്ളവര്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനുമുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്. കമ്പനികള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി 2021 ഫെബ്രുവരി 15 വരെയാണ് നീട്ടിയത്. ഇന്നലെ രാത്രി എട്ടുവരെ 13.6 ലക്ഷത്തിലധികം റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടതായാണ് ആദായനികുതി വകുപ്പിന്റെ കണക്ക്.

ജൂലൈ 31 നായിരുന്നു റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആദായനികുതി വകുപ്പ് നേരത്തെ അനുവദിച്ചിരുന്ന കാലയളവ്. കൊവിഡ് പശ്ചാത്തലത്തില്‍ സമയപരിധി ഒക്ടോബര്‍ 31 വരെയും തുടര്‍ന്ന് ഡിസംബര്‍ 31 വരെയും നീട്ടുകയായിരുന്നു. അന്തിമസമയം വരെ കാത്തിരിക്കാതെ നേരത്തെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആദായ നികുതി വകുപ്പ് നികുതിദായകരോട് ആവശ്യപ്പെട്ടിരുന്നു. നികുതി അടയ്‌ക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 ആക്കി. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട വ്യക്തികള്‍ക്ക് ഡിസംബര്‍ 31 ന് പകരം ജനുവരി 31 ആണ് പുതിയ സമയപരിധി.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നികുതിദായകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തിയ്യതി നീട്ടിയതെന്ന് ആദായനികുതി വകുപ്പ് ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ രാത്രി ഏഴു മുതല്‍ എട്ടുവരെയുള്ള ഒരു മണിക്കൂറില്‍ ഏകദേശം 1.5 ലക്ഷം റിട്ടേണുകളാണ് ലഭിച്ചത്. വൈകീട്ട് ആറുവരെ 12,16,631 റിട്ടേണുകളും തുടര്‍ന്നുള്ള ഒരുമണിക്കൂറില്‍ 1,50,366 റിട്ടേണുകകളും ഫയല്‍ ചെയ്തതായി ആദായനികുതി വകുപ്പ് അറിയിച്ചു.

2019-20 സാമ്പത്തിക വര്‍ഷം (അസസ്‌മെന്റ് ഇയര്‍ 202121) ഡിസംബര്‍ 29 വരെ 4.54 കോടിയിലധികം റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടതായാണ് ആദായനികുതി വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 4.51 കോടി റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടു. കേന്ദ്ര ചരക്ക് സേവന നികുതി നിയമം 2017 പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തിയ്യതി ഫെബ്രുവരി 28 വരെ നീട്ടിയതായും ആദായനികുതി വകുപ്പ് അറിയിച്ചു.

Tags:    

Similar News