ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ്; സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്രവാസികള്‍ക്ക് രാജ്യത്ത് എത്തിയ ഉടനെ ആധാറിന് വേണ്ടി അപേക്ഷിക്കാം.

Update: 2019-09-23 05:45 GMT

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കിനി ആധാര്‍ ലഭിക്കാന്‍ തുടര്‍ച്ചയായി 180 ദിവസം നാട്ടില്‍ തങ്ങേണ്ടതില്ല. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്രവാസികള്‍ക്ക് രാജ്യത്ത് എത്തിയ ഉടനെ ആധാറിന് വേണ്ടി അപേക്ഷിക്കാം.

തുടര്‍ച്ചയായി 182 ദിവസം ഇന്ത്യയില്‍ തങ്ങുന്നവരെ മാത്രമേ റെസിഡന്റ് ആയി കണക്കാക്കി ആധാര്‍ കാര്‍ഡ് അനുവദിക്കൂ എന്നായിരുന്നു നിലവിലെ നിയമം. ഇത് പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് തടസമായിരുന്നു. ഈ നിബന്ധന പുതിയ വിജ്ഞാപനത്തോടെ ഇല്ലാതായി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശംവയ്ക്കുന്ന ഏതൊരാളെയും ഇന്ത്യന്‍ റെസിഡന്റ് ആയി പരിഗണിച്ച് ആധാര്‍ കാര്‍ഡ് നല്‍കുമെന്നാണ് പുതിയ വ്യവസ്ഥ. നികുതി റിട്ടേണിനും മറ്റു കാര്യങ്ങള്‍ക്കുമൊക്കെ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയായി പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാനാവും.

ആറ് മാസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നാല്‍ വിസയുടെ കാലാവധി കഴിയുമെന്നതിനാല്‍ പ്രവാസികള്‍ക്ക് നിലവില്‍ ആധാര്‍ എടുക്കുക അപ്രായോഗികമായിരുന്നു. ഫോണ്‍ കണക്ഷന്‍ മുതല്‍ മക്കളുടെ വിദ്യാഭ്യാസം വരെയുള്ള നിരവധി കാര്യങ്ങളില്‍ ആധാര്‍ കാര്‍ഡിന്റെ പേരില്‍ പ്രവാസികള്‍ പ്രയാസപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രവാസികള്‍ക്കും കാത്തിരിപ്പില്ലാതെ ആധാര്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങളെല്ലാം ഒരുങ്ങിയതായും എത്രയും പെട്ടെന്ന് ഇത് നടപ്പില്‍ വരുത്തുമെന്നും യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷണ്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News