മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി; പാലത്തില്‍ നിന്ന് നദിയിൽ വീണു

ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

Update: 2021-07-10 03:34 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ അന്‍പൂരിനടുത്ത് ചരക്ക് തീവണ്ടി പാളം തെറ്റി പാലത്തില്‍ നിന്ന് നദിയിലേക്ക് വീണു. ചരക്ക് തീവണ്ടിയുടെ 16 വാഗണുകളാണ് വീണത്. കല്‍ക്കരിയുമായി ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്ന് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.

അലന്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ പാളത്തില്‍ വിള്ളലുകളുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ട്. വാഗണുകള്‍ ആഴമില്ലാത്ത നദിയിലാണ് പതിച്ചതെന്നും പറയുന്നു.

ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. മധ്യപ്രദേശിലെ കട്‌നിയിലേക്കുള്ള യാത്രയിലായിരുന്നു തീവണ്ടി.