സ്വര്‍ണക്കടത്ത്: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രിംകോടതിയില്‍

ശിവശങ്കരന്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴിവയ്ക്കും. ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Update: 2021-02-11 10:53 GMT

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രിംകോടതിയെ സമീപിച്ചു. തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറില്‍നിന്ന് കണ്ടെത്തിയ കണക്കില്‍പെടാത്ത 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്.

ശിവശങ്കരന്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴിവയ്ക്കും. ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണല്‍ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

ശിവശങ്കറിനെതിരേ തെളിവുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നാണ് ഹരജിയില്‍ ഇഡി ഉയര്‍ത്തുന്ന വാദം. ഈ സാഹചര്യത്തില്‍ ജാമ്യം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും. സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റുചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് കള്ളപ്പണക്കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായത്.

98 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനായത്. കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായ ബി വി ബല്‍റാം ദാസ് ഫയല്‍ ചെയ്ത ഹരജിയില്‍ അഞ്ച് ചെറിയ പിഴവുകള്‍ സുപ്രിംകോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവ പരിഹരിച്ചാല്‍ ഉടന്‍ ഹരജി ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News