സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

രാഷ്ട്രീയരംഗത്തുള്ളവരെക്കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രധാനവാദം.

Update: 2021-03-05 01:52 GMT

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയരംഗത്തുള്ളവരെക്കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രധാനവാദം. ശിവശങ്കറില്‍നിന്ന് അറിയാനുള്ള വിവരങ്ങള്‍ കിട്ടിയെങ്കിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

അതിനാല്‍, ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറില്‍നിന്ന് കണ്ടെത്തിയ കണക്കില്‍പെടാത്ത 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ശിവശങ്കരന്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴിവയ്ക്കും. ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഇഡി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണല്‍ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ശിവശങ്കറിനെതിരേ തെളിവുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നാണ് ഹരജിയില്‍ ഇഡി ഉയര്‍ത്തുന്ന വാദം. അതേസമയം, കേസില്‍ എം ശിവശങ്കര്‍ തടസ്സഹരജി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഒക്ടോബര്‍ 28നാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ജനുവരി 25ന് ആരോഗ്യപ്രശ്‌നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നല്‍കി. കസ്റ്റംസ് കേസില്‍കൂടി ജാമ്യം കിട്ടി ശിവശങ്കര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇഡി സുപ്രിംകോടതിയെ സമീപിച്ചത്.

Tags: