ഗോവ നിശാക്ലബ്ബ് തീപിടിത്തം; പോലിസ് വീട്ടിലെത്തുംമുന്നേ ഉടമകള്‍ തായ്ലാന്‍ഡിലേക്ക് കടന്നു
പനജി: ഗോവയില്‍ 25 പേരുടെ ദാരുണ മരണത്തിനിടയാക്കിയ തീപ്പിടിത്തം നടന്ന നിശാക്ലബ്ബിന്റെ ഉടമകള്‍ തായ്ലാന്‍ഡിലേക്ക് കടന്നതായി പോലീസ്. സൗരഭ് ലുത്ര, സഹോദരന്‍ ഗൗരവ് എന്നിവരാണ് ഞായറാഴ്ച അപകടം നടന്നയുടന്‍തന്നെ തായ്ലാന്‍ഡിലേക്ക് മുങ്ങിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള അര്‍പോറയിലെ 'ബിര്‍ച്ച് ബൈ റോമിയോ ലേന്‍' എന്ന നിശാക്ലബ്ബില്‍ ഞായറാഴ്ചയാണ് തീപ്പിടിത്തമുണ്ടായത്. വിനോദസഞ്ചാരികളും ജീവനക്കാരും ഉള്‍പ്പെടെ 25 പേര്‍ വെന്തുമരിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഇന്‍ഡിഗോ വിമാനത്തില്‍ ഇരുവരും തായ്ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പറന്നെന്നാണ് പോലിസ് നല്‍കുന്ന വിവരം. തിങ്കളാഴ്ച ഇരുവരേയും തേടി പോലീസ് ഡല്‍ഹിയിലെ വസതിയിലെത്തിയെങ്കിലും അവിടെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ്യംവിട്ടതായി മനസ്സിലായത്. ഞായറാഴ്ച അര്‍ധരാത്രി 12 മണി കഴിഞ്ഞാണ് അപകടമുണ്ടായത്. ഇതുസംബന്ധിച്ച വിവരം ലഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ ഇരുവരും മുങ്ങിയിരുന്നെന്നാണ് പോലിസ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
അതേസമയം, സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഉടമകളിലൊരാളായ സൗരഭ് ലുദ്ര ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടിട്ടുണ്ട്. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉണ്ടാവുമെന്നും സൗരഭ് അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനും ഉത്തരവാദിത്വം നിശ്ചയിക്കാനും അന്വേഷണം നടക്കുകയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. മരിച്ചവരില്‍ മൂന്ന് സഹോദരിമാരും അവരുടെ മറ്റൊരു സഹോദരിയുടെ ഭര്‍ത്താവും ഉള്‍പ്പെടുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ഇവരുടെ സംസ്‌കാരം നടന്നു.
