പൗരത്വഭേദഗതി നിയമം: ഗൃഹസമ്പര്‍ക്ക പരിപാടിക്കെത്തിയ അമിത് ഷായ്‌ക്കെതിരേ ഗോ ബാക്ക് വിളി

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനെന്ന പേരില്‍ ബിജെപി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് കൈവീശി നടന്നുപോവുകയായിരുന്ന അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികള്‍ അടക്കമുള്ള കോളനിവാസികള്‍ ഗോ ബാക്ക് വിളിച്ചത്.

Update: 2020-01-05 13:01 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ നാട്ടുകാരുടെ ഗോ ബാക്ക് വിളിയും പ്രതിഷേധവും. ഡല്‍ഹി ലജ്പത് നഗറില്‍ ചണ്ഡിബസാറിന് സമീപം ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അമിത് ഷായ്‌ക്കെതിരേ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇന്ന് വൈകീട്ട് 4.45 ഓടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനെന്ന പേരില്‍ ബിജെപി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് കൈവീശി നടന്നുപോവുകയായിരുന്ന അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികള്‍ അടക്കമുള്ള കോളനിവാസികള്‍ ഗോ ബാക്ക് വിളിച്ചത്.

വെള്ളത്തുണിയില്‍ 'ഷെയിം ഓണ്‍ യു' എന്ന് ചായം കൊണ്ടെഴുതിയ വലിയ ബാനറുകള്‍ വീടിന്റെ മുകളില്‍നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. തുടര്‍ന്ന് കോളനി നിവാസികളില്‍ ചിലരും ഗോബാക്ക് വിളിച്ചു. എന്നാല്‍, അമിത് ഷാ പ്രതികരിക്കാന്‍ നില്‍ക്കാതെ നടന്നുപോയി. ആദ്യം കയറിയ വീട്ടിലെ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്കിറങ്ങുമ്പോഴാണ് വീടിന്റെ മൂന്നാം നിലയില്‍നിന്ന് മുദ്രാവാക്യം വിളി ഉയര്‍ന്നത്. സൂര്യ, ഹര്‍മിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇതെത്തുടര്‍ന്ന് പോലിസ് ഈ ഫ്‌ളാറ്റുള്ള കെട്ടിടത്തിലേക്ക് കയറിപ്പോവുകയും ചെയ്തു.

ഇവര്‍ക്കെതിരേ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരില്‍ ചിലര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്നുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് പോലിസ് ഇവരുടെ വീടിന് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധ ബാനര്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കംചെയ്തു. ലജ്പത് നഗര്‍ കാലങ്ങളായി ബിജെപിയുടെ ശക്തികേന്ദ്രമാണ്. പൗരത്വ നിയമഭേദഗതിയില്‍ ജനരോഷം ആളിക്കത്തിയപ്പോള്‍ പ്രതിരോധത്തിലായ ബിജെപി ഇപ്പോള്‍ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.  

Tags:    

Similar News