ആ 35 കുട്ടികളും ജീവനോടെയുണ്ട്; മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് സിബിഐ

അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് സിബിഐ വ്യക്തമാക്കിയത്. കൊല്ലപ്പെട്ടെന്ന് കരുതിയിരുന്ന കുട്ടികളെയെല്ലാം പിന്നീട് ജീവനോടെ കണ്ടെത്തി. മുസഫര്‍പൂരിനൊപ്പം ബിഹാറിലെ ആകെ 17 അഭയകേന്ദ്രങ്ങളെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്.

Update: 2020-01-08 12:23 GMT

ന്യൂഡല്‍ഹി: ബിഹാറിലെ മുസഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ കൊല്ലപ്പെട്ടെന്ന് സംശയിച്ചിരുന്ന 35 പെണ്‍കുട്ടികളും ജീവനോടെയുണ്ടെന്ന് സിബിഐ. നേരത്തെ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ കുട്ടികളുടേതല്ലെന്നും മുതിര്‍ന്നവരുടേതാണെന്നും സിബിഐ സംഘം സുപ്രിംകോടതിയെ അറിയിച്ചു. ഏറെ വിവാദമായ മുസഫര്‍പൂര്‍ കൂട്ടബലാല്‍സംഗക്കേസില്‍ ബുധനാഴ്ചയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെഅധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് സിബിഐയുടെ റിപോര്‍ട്ട് അംഗീകരിച്ചു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അഭയകേന്ദ്രത്തില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഇത് കുട്ടികളുടേതാവാമെന്നും കേസിലെ മുഖ്യപ്രതിയായ ബ്രജേഷ് താക്കൂര്‍ 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതായി കരുതുന്നുണ്ടെന്നും സിബിഐ കഴിഞ്ഞവര്‍ഷം സുപ്രിംകോടതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് സിബിഐ വ്യക്തമാക്കിയത്. കൊല്ലപ്പെട്ടെന്ന് കരുതിയിരുന്ന കുട്ടികളെയെല്ലാം പിന്നീട് ജീവനോടെ കണ്ടെത്തി. മുസഫര്‍പൂരിനൊപ്പം ബിഹാറിലെ ആകെ 17 അഭയകേന്ദ്രങ്ങളെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്. ഇതില്‍ 13 എണ്ണത്തില്‍ കുറ്റപത്രം നല്‍കി. പ്രാഥമികാന്വേഷണത്തില്‍ തന്നെ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാല്‍ നാല് കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചതായും സിബിഐ കോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് സിബിഐയ്ക്കുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്.

2018 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുസഫര്‍പൂരിലെ സേവ സങ്കല്‍പ് വികാസ് സമിതി എന്ന എന്‍ജിഒയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഷെല്‍ട്ടര്‍ ഹോമിലെ 34 കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായെന്നായിരുന്നു കേസ്. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ സര്‍വേയിലാണ് ലൈംഗികപീഡനം നടക്കുന്നുവെന്ന വിവരം പുറത്തുവന്നത്. ഇതിനുപിന്നാലെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെ 18 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടെന്നും സംശയമുയര്‍ന്നു. 2018 ആഗസ്തില്‍ ഈ കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷവും പെണ്‍കുട്ടികളെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു കണ്ടെത്തല്‍. സ്ഥാപനത്തിന്റെ മേധാവി ബ്രജേഷ് താക്കൂര്‍ ഉള്‍പ്പടെയുള്ള 21 പേരാണ് കേസിലെ പ്രതികള്‍. ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിനിടെ സംസ്ഥാനത്തെ ഷെല്‍ട്ടര്‍ ഹോമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ അന്വേഷണ ഏജന്‍സി ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 70 ഓളം ഉദ്യോഗസ്ഥരില്‍ 25 പേര്‍ ഐഎഎസ് റാങ്കില്‍പ്പെടുന്നവരാണ്. 

Tags: