ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ ഇന്ത്യയില്‍; മോദിയുമായി കൂടിക്കാഴ്ച നടത്തും

ഇരുപതോളം ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യയും ജര്‍മനിയും തമ്മില്‍ ഒപ്പുവയ്ക്കും. 12 മന്ത്രിമാരടങ്ങുന്ന സംഘവും ആന്‍ജല മെര്‍ക്കലിനെ അനുഗമിക്കുന്നുണ്ട്.

Update: 2019-11-01 02:42 GMT

ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. വ്യാഴാഴ്ച രാത്രിയാണ് മെര്‍ക്കല്‍ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയത്. പ്രധാനമന്ത്രിയുടെ പ്രതിനിധിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് മെര്‍ക്കലിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് രാഷ്ട്രപതിഭവനില്‍ ജര്‍മന്‍ ചാന്‍സലര്‍ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. വൈകീട്ട് രാജ്ഘട്ട് സന്ദര്‍ശിക്കുന്ന മെര്‍ക്കല്‍ മഹാത്മാഗാന്ധിക്ക് പ്രണാമം അര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തും.

ഇരുപതോളം ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യയും ജര്‍മനിയും തമ്മില്‍ ഒപ്പുവയ്ക്കും. 12 മന്ത്രിമാരടങ്ങുന്ന സംഘവും ആന്‍ജല മെര്‍ക്കലിനെ അനുഗമിക്കുന്നുണ്ട്. നരേന്ദ്രമോദിയും മെല്‍ക്കലുമായി ഒരുവര്‍ഷത്തിനുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ കൂടിക്കാഴ്ചയാണെന്ന് മിനിസ്ട്രി ഓഫ് എക്‌സ്റ്റേണര്‍ അഫയേഴ്‌സ് വക്താവ് രവീഷ്‌കുമാര്‍ ട്വീറ്റ് ചെയ്തു. ഇത് ഇന്ത്യയും ജര്‍മനിയുമായുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകീട്ട് പ്രസിഡന്റ് രാംനാഥ് കോവിന്ദിനെ മെര്‍ക്കല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി ലോക് കല്യാണ്‍ മാര്‍ഗ് വസതിയില്‍ കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ഒരു ബിസിനസ് പ്രതിനിധി സംഘത്തെയും അവര്‍ സന്ദര്‍ശിക്കും. 

Tags:    

Similar News