ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയം
മുംബൈ: മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം. 2017 ല്‍ ഉണ്ടായ വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കറാണ് ജല്‍ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് 13 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. ആയുധശേഖര കേസിലും പങ്കാര്‍ക്കര്‍ പ്രതിയാണ്. തൊട്ടടുത്ത ബി ജെ പി സ്ഥാനാര്‍ത്ഥി റാവു സാഹിബ് ഡോബ്ലെയെ 184 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് പങ്കാര്‍ക്കര്‍ പരാജയപ്പെടുത്തിയത്.
പങ്കാര്‍ക്കര്‍ 2661 വോട്ട് നേടി. ഡോബ്ലെ 2477 വോട്ട് നേടി. ഇവിടെ ബിജെപിക്ക് എന്‍ സിപിയും ശിവസേനയുമായി സഖ്യം ഉണ്ടായിരുന്നില്ല. 65 അംഗ ജല്‍ന നഗരസഭയില്‍ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 41 സീറ്റുകളില്‍ മുന്നിട്ട് ഭരണത്തിലേക്ക് എത്തുമെന്നാണ് സൂചന. 2001 മുതല്‍ 2006 വരെ അവിഭക്തശിവസേനയുടെ നഗരസഭാംഗമായിരുന്ന പങ്കാര്‍ക്കര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 2011 ല്‍ ഹിന്ദു ജനജാഗരണ്‍ സമിതിയില്‍ ചേര്‍ന്നു.ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടവെയാണ് പങ്കാര്‍ക്കറുടെ വിജയം.
കേസില്‍ പ്രതിയായ ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തനിക്കെതിരെ ഇതുവരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും നിയമനടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നും പങ്കാര്‍ക്കര്‍ വിജയിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.