മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതകച്ചോര്‍ച്ച; നിരവധി പേര്‍ക്ക് ശ്വസനപ്രശ്‌നങ്ങള്‍, പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍

Update: 2021-06-04 10:15 GMT

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍നിന്ന് വാതകം ചോര്‍ന്നത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ നോബല്‍ ഇന്റര്‍മീഡിയറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്നാണ് വ്യാഴാഴ്ച രാത്രി വാതകം ചോര്‍ന്നത്. കമ്പനിയുടെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഇതെത്തുടര്‍ന്ന് ശ്വാസതടസ്സവും എരിച്ചിലും കണ്ണുകള്‍ക്ക് പൊള്ളലും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ഒരുമണിക്കൂറിനുള്ളില്‍തന്നെ സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി താനെ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

രാത്രി 11:24 നാണ് അഗ്‌നിശമന സേനയെത്തി ചോര്‍ച്ച നിര്‍ത്തിയത്. സ്ഥിതി നിയന്ത്രണത്തിലാണ്. ആര്‍ക്കും പരിക്കില്ല- താനെ മുനിസിപ്പല്‍ കോര്‍പറേഷനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. അമിതമായി ചൂടാക്കിയത് മൂലമുണ്ടായ രാസപ്രവര്‍ത്തനം മൂലമാണ് ചോര്‍ച്ചയുണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ട കുറച്ചുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.

ഞാനും എന്റെ മറ്റ് സഹപ്രവര്‍ത്തകരും അടുത്തുള്ള ഒരു ഫാക്ടറിയില്‍ ജോലിചെയ്യുകയായിരുന്നു. പെട്ടെന്ന് ഞങ്ങള്‍ക്ക് ശ്വസിക്കുന്നതിന് പ്രശ്‌നങ്ങളുണ്ടായി. പിന്നീട് പ്രദേശത്തെ ഒരു ഫാക്ടറിയില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി- പ്രദേശവാസിയെ ഉദ്ധരിച്ചു എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ചോര്‍ച്ചയ്ക്കുശേഷം ആളുകള്‍ സുരക്ഷിതസ്ഥലം തേടി ഓടുന്നതായി വിഷ്വലുകള്‍ കാണിച്ചുവെങ്കിലും ഭരണകൂടവും പോലിസും അഗ്‌നിശമന സേനയും ആളുകള്‍ക്ക് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സ്ഥിതിഗതികള്‍ വേഗത്തില്‍ നിയന്ത്രണവിധേയമായത്.

Tags:    

Similar News