ഡല്‍ഹി ഗാര്‍ഗി കോളജിലെ ലൈംഗികാതിക്രമം; ദേശീയ വനിതാ കമ്മീഷന്‍ കാംപസില്‍

പോലിസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ പുറത്തുനിന്നെത്തിയവര്‍ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കോളജ് ഫെസ്റ്റിവലിന് ഇടയിലായിരുന്നു സംഭവം.

Update: 2020-02-10 07:40 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഗാര്‍ഗി വിമന്‍സ് കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി അന്വേഷണം നടത്തി. പോലിസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ പുറത്തുനിന്നെത്തിയവര്‍ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കോളജ് ഫെസ്റ്റിവലിന് ഇടയിലായിരുന്നു സംഭവം. വൈകീട്ട് ആറുമണിയോടെ മദ്യപിച്ചെത്തിയ ഒരുസംഘം പുരുഷന്‍മാര്‍ കോളജ് ഗേറ്റിനടുത്തെത്തി വിദ്യാര്‍ഥികളെ തടയുകയായിരുന്നു. തുടര്‍ന്ന് കാംപസിലേക്ക് കടന്ന് പെണ്‍കുട്ടികളെ ആക്രമിക്കുകയും അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.

അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിഎഎ അനുകൂല റാലിക്കെത്തിയവരാണ് അതിക്രമം കാട്ടിയതെന്നും ചിലര്‍ ജയ് ശ്രീറാം മുഴക്കുന്നുണ്ടായിരുന്നുവെന്നും സംഭവസമയം പോലിസ് നോക്കിനില്‍ക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കോളജില്‍ നടന്ന പരിപാടിയില്‍ ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നുവെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. സംഭവത്തില്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങുമെന്ന് വിദ്യാര്‍ഥിനികള്‍ അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഡല്‍ഹി പോലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Similar News