ഇന്ധന വില വീണ്ടും കൂട്ടി; ഈ മാസം പത്താമത്തെ വര്‍ധന

ജൂലായ് ഒന്നിന്നാണ് രാജ്യത്ത് പാചകവാതക വില കൂട്ടിയത്.

Update: 2021-07-10 02:02 GMT

തിരുവനന്തപുരം: ഒന്നിടവിട്ട ദിവസങ്ങളില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്ന പതിവിന് ഇന്നും മാറ്റമില്ല. രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ 27 പൈസയുമാണ് കൂടിയത്.

വില വര്‍ധനയോടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 102.89 രൂപ എന്ന നിലയിലെത്തി. 96.47 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 101.01 രൂപയായി. ഡീസലിന് 95.71 രൂപയാണ് വില. കോഴിക്കോട് പെട്രോളിന് 101.32 രൂപ, ഡീസലിന് 95.02 എന്ന നിലയിലെത്തി.

അതിനിടെ പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരേ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എറണാകുളം പറവൂരിലെ വസതിയില്‍ സമരത്തിന്റെ ഭാഗമാവും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ജഗതിയിലെ വസതിയിലും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലെ വീട്ടിലും സമരത്തിന്റെ ഭാഗമാവും.

ജൂലായ് ഒന്നിന്നാണ് രാജ്യത്ത് പാചകവാതക വില കൂട്ടിയത്. വീടുകളിലെ സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇപ്പോൾ ക്രൂഡ് ഓയിൽ ബാരലിന് 77 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില.