ഇന്ധന വില കുതിക്കുന്നു; ആറ് ദിവസത്തിനിടെ കൂടിയത് 1.59 രൂപ

ആറുദിവസത്തിനിടെ പെട്രോള്‍വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെ കഴിഞ്ഞയാഴ്ച യമനിലെ ഹൂഥികള്‍ നടത്തിയ ആക്രമണമാണ് എണ്ണവില വര്‍ധനയുടെ പ്രധാന കാരണമായി പറയുന്നത്.

Update: 2019-09-23 01:28 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര എണ്ണ വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്ത് ഇന്ധനവില കുതിച്ചു കയറുന്നു. ആറുദിവസത്തിനിടെ പെട്രോള്‍വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെ കഴിഞ്ഞയാഴ്ച യമനിലെ ഹൂഥികള്‍ നടത്തിയ ആക്രമണമാണ് എണ്ണവില വര്‍ധനയുടെ പ്രധാന കാരണമായി പറയുന്നത്.

ഡല്‍ഹിയില്‍ ഞായറാഴ്ച പെട്രോളിന് 27 പൈസ കൂടി 73.62 രൂപയിലെത്തി. ഡീസലിന് 18 പൈസ വര്‍ധിച്ച് 66.74 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ വിലപ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 77.03 രൂപയും ഡീസലിന് 71.82 രൂപയുമാണ്.

ആക്രമണത്തെത്തുടര്‍ന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. സൗദിയുടെ മൊത്തം എണ്ണയുല്‍പ്പാദനത്തില്‍ പകുതിയോളമാണ് കുറഞ്ഞത്. ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വര്‍ഷങ്ങളോളം വിപണിയെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. വിതരണം ഉടന്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.

ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇറക്കമുതി ചെയ്യുന്ന ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി.

സൗദിയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണവിതരണത്തില്‍ അഞ്ചുശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കയാണ്. 

Tags: