ഭൂഗര്‍ഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു
മുംബൈ: മുംബൈയില്‍ ഭൂഗര്‍ഭ കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ഹസിപാല്‍ ഷെയ്ഖ്, രാജ ഷെയ്ഖ് , ജിയാവുല്ല ഷെയ്ഖ് , ഇമാന്‍ദു ഷെയ്ഖ് എന്നിവരാണ് മരിച്ചത്. ബിസ്മില്ല സ്പെയ്സിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ടാങ്ക് വൃത്തിയാക്കാന്‍ അഞ്ച് തൊഴിലാളികളാണ് ഇറങ്ങിയത്.
ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയതിനെ തുടര്‍ന്ന് അവര്‍ക്ക് ബോധം നഷ്ടപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ ആണ് അഗ്‌നിശമന സേനയെ വിവരമറിയിച്ചത്. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അടുത്തുള്ള ജെ ജെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും നാലു പേരുടെ മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ചാമത്തെ തൊഴിലാളിയുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
രണ്ട് വര്‍ഷമായി ടാങ്ക് വൃത്തിയാക്കിയിട്ടില്ലെന്നും ഇത് വിഷവാതകങ്ങള്‍ അടിഞ്ഞുകൂടാന്‍ കാരണമായെന്നും ഇതാണ് തൊഴിലാളികളുടെ മരണ കാരണമെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.