ജയ്പൂരില്‍ സ്വര്‍ണത്തരി എടുക്കാനായി ജ്വല്ലറിയുടെ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങി: വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു

ജയ്പൂര്‍ : ജയ്പൂരിലെ ജ്വല്ലറിയിലെ സെപ്റ്റിക് ടാങ്കില്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ ഇറങ്ങിയ നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.യുപിയിലെ സുല്‍ത്താന്‍പൂര്‍, അംബേദ്കര്‍ നഗര്‍ സ്വദേശികളായ രോഹിത് പല്‍, സഞ്ജീവ് പല്‍, ഹിമാന്‍ഷു സിംഗ്, അര്‍പിത് യാദവ് എന്നിവരാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. കഴുകുന്നതിനിടെ നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും തരികള്‍ വീണ്ടെടുക്കുന്നതിനായാണ് സുരക്ഷാ ഉപകരണങ്ങളില്ലാതെ തൊഴിലാളികള്‍ ഇറങ്ങിയത്.
ജയ്പൂരിലെ സീതാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ജ്വല്ലറിയിലെ വ്യാവസായിക മാലിന്യം തള്ളുന്ന ടാങ്കിലാണ് തൊഴിലാളികള്‍ ഇറങ്ങിയത്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെയായിരുന്നു സംഭവം. 10 അടി ആഴമുള്ള ടാങ്കിലേയ്ക്കാണ് എട്ട് തൊഴിലാളികള്‍ ഇറങ്ങിയത്.
മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും വിലയേറിയ വസ്തുക്കളെ അനാവശ്യ വസ്തുക്കളില്‍ നിന്ന് വേര്‍തിരിക്കുന്നതിനും കൂടുതല്‍ സംസ്‌കരണത്തിനായി തയ്യാറാക്കുന്നതിനുമായി കഴുകുമ്പോള്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും തരികള്‍ പലപ്പോഴും നഷ്ടപ്പെടാറുണ്ട്. രാസ സംസ്‌കരണം അടക്കമുള്ള രീതികളിലൂടെയാണ് അവ വീണ്ടെടുക്കുന്നത്. സെപ്റ്റിക് ടാങ്കിലെ ചെളിയില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കഴുകിയ ശേഷം സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും തരികള്‍ വേര്‍തിരിച്ചെടുക്കുന്ന രീതി ജ്വല്ലറിയില്‍ മുമ്പേ നിലനില്‍ക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. ഇതിനായി ജ്വല്ലറിയിലെ ശുചീകരണ തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്.
തുടക്കത്തില്‍ തൊഴിലാളികള്‍ ജോലി ഏറ്റെടുക്കാന്‍ വിസമ്മതിച്ചെങ്കിലും അധിക പണം വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് അവര്‍ ജോലി ചെയ്യാന്‍ സമ്മതിച്ചതാണെന്ന് പോലിസ് പറഞ്ഞു. ടാങ്കിലേക്ക് ഇറങ്ങിയതോടെ തൊഴിലാളികള്‍ ബോധരഹിതരായി വീഴുകയായിരുന്നു. യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെയാണ് തൊഴിലാളികളെ ടാങ്കിലേക്ക് ഇറക്കിയത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.