ബെംഗളുരു-മൈസൂരു അതിവേഗപാതയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ അടക്കം നാലുപേര്‍ മരിച്ചു
രാമനഗര: കര്‍ണാടകയിലെ ദക്ഷിണ ജില്ലയായ ബെംഗളുരുവില്‍ ഉണ്ടായ റോഡപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ബെംഗളുരുവിലെ രാമനഗരയിലാണ് സംഭവം. ബെംഗളുരു മൈസുരു അതിവേഗ ദേശീയപാതയില്‍ ചന്നപട്ടണ താലൂക്കിലെ സങ്കളഗെരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കോഴിക്കോട്ട് നിന്ന് ബംഗളുരുവിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍(2), മാഹി സ്വദേശി സുല്‍ഫിക്കര്‍(27) എന്നിവരാണ് മരിച്ച മലയാളികള്‍. ബെംഗളുരുവിലെ അന്നെപാളയം അഡുഗോഡിയില്‍ നിന്നുള്ള സക്കീര്‍(45) കലസിപാളയത്ത് നിന്നുള്ള റഷീദ്(45) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍.
പി കെ ട്രാവല്‍സിന്റെ സ്ലീപ്പര്‍ ബസ് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ബസിന്റെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റ കണ്ണൂര്‍ സ്വദേശികളായ അബ്ദുള്‍, അലന്‍ എന്നിവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് വിവരം അറിഞ്ഞ ഉടന്‍ തന്നെ ചന്നപട്ടണ ട്രാഫിക് പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
