ചണ്ഡിഗഡ്: പഞ്ചാബില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. സംഗ്രൂര്‍ ജില്ലയിലെ സുനം പട്ടണത്തിലെ ഇന്ദിര കോളനിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പ്രദേശത്ത് രണ്ടുദിവസമായി പെയ്ത കനത്ത മഴയാണ് അപകടത്തിലേക്കു നയിച്ചതെന്ന് സുനം പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ജതിന്ദര്‍പാല്‍ സിങ് അറിയിച്ചു.
30-32 വയസുള്ള ദമ്പതികളും ആറും എട്ടും വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്. മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മരണപ്പെട്ട കുടുംബനാഥന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവസമയത്ത് ദമ്പതികളും കുട്ടികളും ഒരു മുറിയിലാണ് ഉറങ്ങിയത്. പരിക്കേറ്റ മൂന്നുപേരും മറ്റൊരു മുറിയിലായിരുന്നു.