അതിഥിതൊഴിലാളിയെ ആക്രമിച്ച് ആയുധങ്ങളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് നാലുപേര്‍ അറസ്റ്റില്‍

Update: 2025-12-29 11:10 GMT

ചെന്നൈ: തമിഴ്നാട്ടില്‍ ചെന്നൈക്ക് സമീപം അതിഥി തൊഴിലാളിയെ ആക്രമിച്ച കേസില്‍ നാല് കൗമാരക്കാരെ അറസ്റ്റു ചെയ്ത് പോലിസ്. അക്രമികള്‍ ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. വീഡിയോയില്‍നിന്ന് തിരിച്ചറിഞ്ഞ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പൊളിഞ്ഞ കെട്ടിടത്തിന്റെ മറവിലാണ് അക്രമികള്‍ അതിഥി തൊഴിലാളിയെ ആക്രമിച്ചത്. വെട്ടുകത്തി പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ് ചോരയൊലിച്ച് കിടക്കുന്നയാളുടെ അടുത്ത് അക്രമികള്‍ വിജയഭാവത്തില്‍ നില്‍ക്കുന്നതടക്കമുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ നിലവില്‍ തിരുവള്ളൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 17 വയസ്സുള്ള നാല് പ്രതികളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതില്‍ മൂന്നുപേരെ ചെങ്കല്‍പ്പെട്ട് ജുവനൈല്‍ ഹോമിലേക്കും നാലാമത്തെ പ്രതിയെ പഠനം കണക്കിലെടുത്ത് കോടതി ജാമ്യത്തിലും വിട്ടയച്ചു.

സമാനമായ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചെന്നൈയില്‍നിന്ന് തിരുത്തണിയിലേക്ക് പോകുകയായിരുന്ന സബര്‍ബന്‍ ട്രെയിനില്‍ നാല് ആണ്‍കുട്ടികള്‍ ഒരു അതിഥി തൊഴിലാളിയെ ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോയില്‍ കാണാനാവുക. പ്രതികളിലൊരാള്‍ ആയുധംവീശി, ഒരു തമിഴ്ഗാനം പശ്ചാത്തല സംഗീതമായി ഉപയോഗിച്ച് ആക്രമണത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാം റീലായി പങ്കുവെക്കുകയായിരുന്നു.