തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ഹൈദരബാദ്: ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്)യിലെ ആഭ്യന്തര സംഘര്‍ഷം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.അടുത്ത ബന്ധുക്കളും ബിആര്‍എസ് നേതാക്കളുമായ ടി ഹരീഷ് റാവുവും ജെ സന്തോഷ് കുമാറും കെസിആറിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താന്‍ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ബിആര്‍എസ് എംഎല്‍എ കൂടിയായ കവിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
മേയ് മാസത്തില്‍ കെസിആറിന് എഴുതിയ കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. കവിതയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് കത്ത് ചോര്‍ന്നത്.
തിരിച്ചെത്തിയപ്പോള്‍, പാര്‍ട്ടിയില്‍ ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു, കെസിആര്‍ ഒരു ദൈവത്തെപ്പോലെയാണെന്നും ചില പിശാചുക്കള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്നുവെന്നും നേരത്തെ കവിത അഭിപ്രായപ്പെട്ടിരുന്നു. പിതാവിന്റെ നേതൃത്വത്തില്‍ മാത്രമേ താന്‍ പ്രവര്‍ത്തിക്കൂ എന്ന് കവിത പറഞ്ഞിരുന്നു. തെലങ്കാനയില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനുശേഷം ബിആര്‍എസിനെ നയിച്ചിരുന്ന, സഹോദരന്‍ കെടിആറിനെതിരായ ആക്രമണമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇതിനുപിന്നാലെയാണ് പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നത്.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് കവിതയെ പുറത്താക്കിയതെന്നാണ് ബിആര്‍എസിന്റെ ഔദ്യോഗിക പ്രതികരണം. പാര്‍ട്ടി എംഎല്‍സിയായ കെ. കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവര്‍ നടത്തുന്ന തുടര്‍ച്ചയായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് ദോഷകരമാണെന്നതിനാല്‍ പാര്‍ട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചെന്നും ബിആര്‍എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

