മുന്‍ സിഎജി വിനോദ് റായ് ഇനി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ചെയര്‍മാന്‍

കമ്പനിയുടെ ചെയര്‍മാനും ഇന്‍ഡിപെന്‍ഡന്റ് നോണ്‍-എക്‌സിക്യുട്ടീവ് ഡയരക്ടറുമായാണ് നിയമനം.

Update: 2022-03-28 18:44 GMT

കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തലപ്പത്തേക്ക് മുന്‍ സിഎജി വിനോദ് റായ്. വിനോദ് റായിയെ ചെയര്‍മാനാക്കാനുള്ള തീരുമാനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന് കല്യാണ്‍ ജ്വല്ലേര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.

കമ്പനിയുടെ ചെയര്‍മാനും ഇന്‍ഡിപെന്‍ഡന്റ് നോണ്‍-എക്‌സിക്യുട്ടീവ് ഡയരക്ടറുമായാണ് നിയമനം. തീരുമാനത്തിന് ഓഹരി ഉടമകളുടെയും റെഗുലേറ്ററി അനുമതിയും ലഭിക്കേണ്ടതുണ്ട്. അതേസമയം ടിഎസ് കല്യാണരാമന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി തുടരും.

ഇന്ത്യയുടെ മുന്‍ സിഎജിയും ഐക്യരാഷ്ട്ര സഭയുടെ എക്‌സ്റ്റേണല്‍ ഓഡിറ്റേര്‍സ് പാനലിന്റെ മുന്‍ അധ്യക്ഷനുമായിരുന്നു വിനോദ് റായ്. കല്യാണ്‍ ജ്വല്ലേര്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് വിനോദ് റായ് പ്രതികരിച്ചു. ആഹ്ലാദത്തോടെയാണ് വിനോദ് റായിയെ കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ടിഎസ് കല്യാണരാമനും വ്യക്തമാക്കി. കമ്പനിയുടെ പുരോഗതിക്കായി എടുത്ത ഒരു സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.