മുന്‍ ബിജെപി വക്താവ് ആരതി സാതെ ബോംബെ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: അഭിഭാഷകയും ബിജെപി മുന്‍ വക്താവുമായ ആരതി അരുണ്‍ സാതെ ഉള്‍പ്പെടെ മൂന്നുപേര്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് അലോക് ആരാധെയാണ് ആരതി, അജിത് കഡേതങ്കര്‍, സുശീല്‍ ഘോടേശ്വര്‍ എന്നിവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ആരതിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള സുപ്രിം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയ്ക്കെതിരേ നേരത്തെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആരതിയുടെ ബിജെപി ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാല്‍, ആരതി പാര്‍ട്ടിയില്‍നിന്ന് നേരത്തെ തന്നെ രാജിവെച്ചുവെച്ചതാണെന്നായിരുന്നു ബിജെപിയുടെ മറുപടി. 2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെ ആയിരുന്നു ആരതി മഹാരാഷ്ട്രയിലെ ബിജെപി വക്താവായിരുന്നത്.
അഭിഭാഷകവൃത്തിയില്‍ ഇരുപതിലധികം വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട് ആരതിക്ക്. വ്യക്തിപരവും തൊഴില്‍പരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 2024 ജനുവരിയിലാണ് ആരതി ബിജെപി വക്താവ് സ്ഥാനം രാജിവച്ചത്.