ചന്ദ്രബാബു നായിഡു താമസിക്കുന്ന വീട് പൊളിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ്

ചന്ദ്രബാബു നായിഡു ഇപ്പോള്‍ താമസിക്കുന്ന അമരാവതിയിലെ വീട് പൊളിക്കണമെന്ന് ചുണ്ടിക്കാട്ടി ആന്ധ്ര ക്യാപ്പിറ്റല്‍ റീജ്യനല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് (എപിസിആര്‍ഡിഎ) നോട്ടീസ് പതിച്ചിരിക്കുന്നത്.

Update: 2019-09-21 17:19 GMT

അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു താമസിക്കുന്ന സ്വകാര്യവസതി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നോട്ടീസ്. ചന്ദ്രബാബു നായിഡു ഇപ്പോള്‍ താമസിക്കുന്ന അമരാവതിയിലെ വീട് പൊളിക്കണമെന്ന് ചുണ്ടിക്കാട്ടി ആന്ധ്ര ക്യാപ്പിറ്റല്‍ റീജ്യനല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് (എപിസിആര്‍ഡിഎ) നോട്ടീസ് പതിച്ചിരിക്കുന്നത്.

ചന്ദ്രബാബു നായിഡുവും കുടുംബവും എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗനേനി രമേശില്‍നിന്ന് പാട്ടത്തിനെടുത്ത വീടാണിത്. കൃഷ്ണ നദിയുടെ തീരത്താണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. 1.38 ഏക്കറില്‍ ചട്ടങ്ങള്‍ ലംഘിച്ചും നിയമപരമായ അനുമതിയില്ലാതെയുമാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നതെന്നാണ് എപിസിആര്‍ഡിഎയുടെ കണ്ടെത്തല്‍. ഈ വീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് എപിസിആര്‍ഡിഎ കഴിഞ്ഞ ജൂണ്‍ 27നും നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ഉടമ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് ഏഴുദിവസത്തിനകം വീട് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് വീണ്ടും നല്‍കിയിരിക്കുന്നത്.

ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഉടമയ്ക്ക് 10 ദിവസത്തെ സമയം നല്‍കിയെങ്കിലും ഇതുവരെ ഒന്നും ഫയല്‍ ചെയ്തിട്ടില്ലെന്ന് സിആര്‍ഡിഎ കമ്മീഷണര്‍ പറഞ്ഞു. ഉടമ സ്വയം വീട് പൊളിച്ചുമാറ്റാന്‍ തയ്യാറായില്ലെങ്കില്‍ അതോറിറ്റി കെട്ടിടം പൊളിച്ചുനീക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചന്ദ്രബാബു നായിഡു പണിത പ്രജാവേദിക എന്ന കെട്ടിടവും പൊളിച്ചുമാറ്റിയിരുന്നു. 

Tags:    

Similar News