കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചലില്‍ ഒറ്റപ്പെട്ടുപോയ മലയാളികളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിക്കുന്നതിനായി ഡല്‍ഹി കേരളാഹൗസില്‍ 011-23747079 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടിട്ടുണ്ട്. മലയാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമുണ്ട്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളെല്ലാം സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക ഇടപെടലുകള്‍ക്ക് പുറമേ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹിമാചലിലെ മലയാളി സംഘടനകള്‍ എന്നിവരുടെ സഹകരണം കൂടി ഇക്കാര്യത്തില്‍ ഉറപ്പുവരുത്തുന്നുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ ഹിമാചല്‍പ്രദേശില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചന്ദേര്‍താല്‍, പഗല്‍നല്ല, ലാഹോള്‍, സ്പീതി എന്നീ മേഖലകളിലായി 300ലധികം വിനോദസഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നുണ്ട്.