ബാബരി വിധി: മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ മുന്‍കൈയില്‍ അഞ്ച് പുനപ്പരിശോധനാ ഹരജികള്‍

മുസ്‌ലിംപക്ഷത്തെ കക്ഷികള്‍ക്കുവേണ്ടി അന്തിമവാദത്തില്‍ ഹാജരായ അഡ്വ.രാജീവ് ധവാന്റെയും അഡ്വ. സഫരിയാബ് ജീലാനിയുടെയും മേല്‍നോട്ടത്തിലാണ് നേരത്തെ കക്ഷികളായിരുന്ന മുഫ്തി ഹസ്ബുല്ലാഹ്, മൗലാന മഹ്ഫൂസുര്‍റഹ്മാന്‍, മിസ്ബാഹുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി മഹ്ബൂബ് എന്നിവര്‍ ഹരജികള്‍ സമര്‍പ്പിച്ചത്.

Update: 2019-12-07 05:30 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള സുപ്രിംകോടതി വിധിക്കെതിരേ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് മുന്‍കൈയെടുത്ത് അഞ്ച് പുനപ്പരിശോധന ഹരജികള്‍ സമര്‍പ്പിച്ചു. മുസ്‌ലിംപക്ഷത്തെ കക്ഷികള്‍ക്കുവേണ്ടി അന്തിമവാദത്തില്‍ ഹാജരായ അഡ്വ.രാജീവ് ധവാന്റെയും അഡ്വ. സഫരിയാബ് ജീലാനിയുടെയും മേല്‍നോട്ടത്തിലാണ് നേരത്തെ കക്ഷികളായിരുന്ന മുഫ്തി ഹസ്ബുല്ലാഹ്, മൗലാന മഹ്ഫൂസുര്‍റഹ്മാന്‍, മിസ്ബാഹുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി മഹ്ബൂബ് എന്നിവര്‍ ഹരജികള്‍ സമര്‍പ്പിച്ചത്. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡിനെ പിന്തുണയ്ക്കുന്നവരാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ബാബരി മസ്ജിദ് കമ്മിറ്റി കോ- കണ്‍വീനര്‍ ഡോ. എസ് ക്യു ആര്‍ ഇല്യാസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബാബരി കേസിലെ സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കുന്നതിന് പിന്തുണ നല്‍കാന്‍ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ഇക്കഴിഞ്ഞ മാസം 17ന് തീരുമാനമെടുത്തിരുന്നു. കേസിന്റെ സ്വഭാവവും പുനപ്പരിശോധനയുടെ അധികാരപരിധിയും കണക്കിലെടുത്ത് മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി ഹരജിയുടെ കൃത്യമായ കരട് തയ്യാറാക്കി. അഡ്വ. രാജീവ് ധവാന്‍, മറ്റ് മുതിര്‍ന്ന അഭിഭാഷകരുടെയും ഇടപെടലിന് ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി എം ഐ മുഹമ്മദ് വാലി റഹ്മാനി നന്ദിയും സംതൃപ്തിയും രേഖപ്പെടുത്തി. ബാബരി കേസിലെ സുപ്രിംകോടതി വിധിക്കെതിരേ മുസ്‌ലിം പക്ഷത്തുനിന്ന് ഉത്തര്‍പ്രദേശിലെ പീസ് പാര്‍ട്ടിയും ഹരജി നല്‍കിയിട്ടുണ്ട്. 

Tags:    

Similar News