മുന്‍ ആര്‍മി സ്‌പെഷ്യല്‍ കമ്മീഷന്‍ഡ് ഓഫിസറുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍നിന്ന് ഗ്രനേഡുകള്‍ കണ്ടെത്തി

Update: 2021-11-07 11:11 GMT

ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ ആര്‍മി സ്‌പെഷ്യല്‍ കമ്മീഷന്‍ഡ് ഓഫിസറുടെ വീട്ടിലേക്കുള്ള വഴിയില്‍നിന്ന് ഗ്രനേഡുകള്‍ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കിലെ ഇലന്തിലയില്‍ കമ്പിവേലിക്ക് സമീപമാണ് അഞ്ച് ഗ്രനേഡുകള്‍ കണ്ടെത്തിയത്. നവംബര്‍ ആറിന് വൈകുന്നേരം പ്രദേശവാസിയായ ജയകുമാര്‍ പൂജാരിയാണ് ഗ്രനേഡുകള്‍ കിടക്കുന്നത് പോലിസിനെ അറിയിച്ചത്. ഇന്ത്യന്‍ ആര്‍മിയില്‍നിന്ന് വിരമിച്ച സ്‌പെഷ്യല്‍ കമ്മീഷന്‍ഡ് ഓഫിസറാണ് ജയകുമാര്‍ പൂജാരി.

ഒരു ഗ്രനേഡ് മഞ്ഞ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു, മറ്റ് നാലെണ്ണം നിലത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്ന് പൂജാരി വ്യക്തമാക്കി. ഉടന്‍തന്നെ ഗ്രനേഡുകള്‍ അവിടെ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും പോലിസില്‍ അറിയിക്കുകയും ചെയ്തു. ഗ്രനേഡുകള്‍ക്ക് 40 വര്‍ഷം പഴക്കമുണ്ടെന്ന് തോന്നിക്കുന്നതായി പോലിസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ പറഞ്ഞു. പരാതി രജിസ്റ്റര്‍ ചെയ്ത പോലിസ്, ആയുധനിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. ആയുധ നിയമത്തിലെ 25, 1 (ബി), 7 വകുപ്പുകള്‍ പ്രകാരം അജ്ഞാതര്‍ക്കെതിരേയാണ് ഉപ്പിനങ്ങാടി പോലിസ് കേസെടുത്തത്.

Tags: