എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19; ആര്‍ക്കും രോഗലക്ഷണങ്ങളില്ല
മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്
ന്യൂഡല്‍ഹി: ചൈനക്ക് പോയി വന്ന അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജോലിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച ആരും കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. ഇവര്‍ ചൈനയിലേക്ക് അടുത്തിടെ ചരക്കു വിമാനങ്ങള്‍ പറത്തിയിരുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം പൈലറ്റുമാരേയും അംഗങ്ങളേയും യാത്ര പുറപ്പെടുന്നതിന് മമ്പും ശേഷവും കര്‍ശന പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്ര അവസാനിച്ചതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ ഇവരെ താമസ സ്ഥലങ്ങളിലേക്ക് വിടാറുള്ളൂ.
ഏപ്രില്‍ 18നാണാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ടു വരുന്നതിനായി എയര്‍ ഇന്ത്യ വിമാനം ഗ്വാന്‍ഷുവിലെത്തിയത്. ഇത് കൂടാതെ ഷാങ്ഹായിലേക്കും ഹോങ്ക്‌കോങ്ങിലേക്കും എയര്‍ ഇന്ത്യ കാര്‍ഗോ വിമാനങ്ങളുടെ സര്‍വീസ് നടത്തിയിരുന്നു.