ഓക്‌സിജന്‍ ക്ഷാമം; ആശ്വാസമായി ആദ്യ 'ഓക്‌സിജന്‍ എക്‌സ്പ്രസ്' മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി

ഏഴ് ഓക്‌സിജന്‍ ടാങ്കറുകളാണ് ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസില്‍ വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തിയത്. ഓരോ ടാങ്കറിലും 15 ടണ്‍ ഓക്‌സിജനാണുണ്ടാവുക.

Update: 2021-04-23 18:24 GMT

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ട ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി റെയില്‍വേയുടെ 'ഓക്‌സിജന്‍ എക്‌സ്പ്രസ്' മഹാരാഷ്ട്രയിലെത്തി. ഏഴ് ഓക്‌സിജന്‍ ടാങ്കറുകളാണ് ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസില്‍ വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ടുചെയ്യപ്പെടുകയും ഓക്‌സിജനില്ലാതെ രോഗികള്‍ മരണത്തിലേക്ക് പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആദ്യ ട്രെയിന്‍ മഹാരാഷ്ട്രയിലെത്തിയത്.

ഓരോ ടാങ്കറിലും 15 ടണ്‍ ഓക്‌സിജനാണുണ്ടാവുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇത്തരത്തിലുള്ള ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഏഴ് ടാങ്കറുകളില്‍ മൂന്നെണ്ണം നാഗ്പൂര്‍ ജങഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇറക്കിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ വാള്‍ടെയര്‍ ഡിവിഷനും ആര്‍എന്‍എല്ലിന്റെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ശ്രമത്തിലൂടെയാണ് പദ്ധതി വിജയകരമായത്.

കഴിഞ്ഞവര്‍ഷം ലോക്ക് ഡൗണ്‍ സമയത്തും റെയില്‍ മാര്‍ഗം അവശ്യവസ്തുക്കളെത്തിക്കുന്നതിന് റെയില്‍വേ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത് രോഗികള്‍ക്കും വിവിധ ആശുപത്രികള്‍ക്കും സഹായകമാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിത്തു. ഓക്‌സിജനെത്തിക്കാന്‍ ചുക്കാന്‍ പിടിച്ച ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ചേതന്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘത്തെ ജനറല്‍ മാനേജര്‍ വിദ്യാഭൂഷന്‍ അഭിനന്ദിച്ചു.

Tags: