ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ; യാത്രക്കാര്‍ സുരക്ഷിതര്‍
ന്യൂഡല്‍ഹി: ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം. ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഓക്‌സിലറി പവര്‍ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ ഇറങ്ങുന്ന സമയത്തായിരുന്നു തീ കണ്ടത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി പുറത്തെത്തി. വിമാനം വിശദ പരിശോധനയ്ക്കായി മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഡിഐഎഎല്‍) അറിയിച്ചു.
ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലെത്തിയ AI 315 വിമാനത്തിലാണ് തീ കണ്ടെത്തിയത്. ലാന്‍ഡ് ചെയ്ത് ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഓക്‌സിലറി പവര്‍ യൂണിറ്റിലാണ് തീപിടിച്ചതെന്നും യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് സംഭവം, സിസ്റ്റത്തിന്റെ പ്രവര്‍ത്തനം അനുസരിച്ച് ഓക്‌സിലറി പവര്‍ യൂണിറ്റ് ഓട്ടോമാറ്റിക്കായി ഓഫായതായും എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനത്തിന് ചില കേടുപാടുകള്‍ സംഭവിച്ചതായും കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീ ഉടന്‍ തന്നെ അണച്ചതായി ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഡിഐഎഎല്‍) ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
അതേസമയം തിങ്കളാഴ്ച, ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പുറപ്പെടേണ്ടിയിരുന്ന അക2403 വിമാനം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യാത്ര നിര്‍ത്തിവച്ചിരുന്നു. ടേക്ക് ഓഫ് റോളിനിടെ വിമാനം റണ്‍വേയിലൂടെ മണിക്കൂറില്‍ 155കിമീ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കോക്പിറ്റ് ക്രൂ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകള്‍ അനുസരിച്ച് ടേക്ക് ഓഫ് നടത്താതെ വിമാനം നിര്‍ത്തുകയായിരുന്നു.
ഇതുകൂടാതെ തിങ്കളാഴ്ച തന്നെ, കനത്ത മഴയില്‍ മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനം തെന്നി മാറിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള അക 2744 വിമാനമാണ് രാവിലെ 9.40ന് ലാന്‍ഡിങിനിടെ റണ്‍വേ 27 ല്‍ നിന്ന് തെന്നിമാറിയത്. റണ്‍വേ ഉടന്‍ തന്നെ അടച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു.
