ബംഗാളില്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം; യന്ത്രങ്ങളും മേല്‍ക്കൂരയും കത്തിനശിച്ചു
ബാലികന്‍ഡ ഗ്രാമപ്പഞ്ചായത്തിലുള്ള ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബരാക്പുരിലുള്ള ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. ബാലികന്‍ഡ ഗ്രാമപ്പഞ്ചായത്തിലുള്ള ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. യന്ത്രങ്ങളും മേല്‍ക്കൂരയും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ രണ്ടു ഫാക്ടറികളിലേക്ക് തീ പടര്‍ന്നിട്ടുണ്ട്.
വിവരം അറിഞ്ഞെത്തിയ അഗ്‌നിശമനസേനയുടെ 20 യൂനിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.
തീപ്പിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കരുതുന്നത്. ഇതുവരെ ആളപായമോ പരിക്കുകളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.